ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കീമോ യൂണിറ്റ് സ്ഥലക്കുറവ് മൂലം വീർപ്പുമുട്ടുന്നു
ഇരിങ്ങാലക്കുട: തൃശൂർ മെഡിക്കൽ കോളേജ് കഴിഞ്ഞാൽ കൂടുതൽ കാൻസർ രോഗികൾ കീമോ ചെയ്യാനെത്തുന്ന ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കീമോ യൂണിറ്റ് ആവശ്യമായ സ്ഥല സൗകര്യമില്ലാതെ വീർപ്പുമുട്ടുന്നു. ആശുപത്രിയിലെ ലയൺസ് പേ വാർഡിന്റെ രണ്ട് മൂന്ന് മുറികളെടുത്താണ് കീമോ യൂണിറ്റ് തയ്യാറാക്കിയത്.
ഒരു ഡോക്ടറും രണ്ട് നേഴ്‌സുമാരുമാണ് ഇവിടെയുള്ളത്. നഴ്‌സുമാരെ എച്ച്.എം.സിയിൽ നിന്നും താത്കാലികമായി നിയമിച്ചവരാണ്. ആർ.സി.സിയിലേക്കും തൃശൂർ മെഡിക്കൽ കോളജിലേക്കുമെല്ലാം പോയിരുന്ന നിരവധി പേർ തുടർചികിത്സയ്ക്കായി ഇവിടെയെത്തുന്നുണ്ട്. കഴിഞ്ഞമാസം മാത്രം 400 രോഗികളാണ് ഒ.പിയിൽ പരിശോധനയ്‌ക്കെത്തിയത്.
228 പേർ രജിസ്റ്റർ ചെയ്തു. 112 പേരെ കിടത്തി ചികിത്സ നടത്തി. സൗകര്യക്കുറവുള്ളതിനാൽ പത്ത് പേർക്കാണ് ഒരു ദിവസം കീമോ ചെയ്യാനാകുന്നത്. സൗകര്യകുറവ് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഈ വാർഡിനോട് ചേർന്ന് ട്രീറ്റ്‌മെന്റ് സെന്റർ വികസനത്തിനായി കാൻ തൃശൂർ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കാമെന്ന് ഏറ്റിരുന്നു.
കഴിഞ്ഞ ജനുവരിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. 16 ലക്ഷം രൂപയാണ് കെട്ടിടം അറ്റകുറ്റപണികൾക്കായി കണക്കാക്കിയിരുന്നത്. നിലവിലുള്ള കെട്ടിടത്തോട് ചേർന്നാണ് പുതിയ കെട്ടിടം നിർമ്മിക്കുക. നിലവിൽ ചെറിയ മുറിയിൽ മൂന്ന് രോഗികൾക്കാണ് ചികിത്സ ചെയ്യാൻ കഴിയുക. പുതിയ കെട്ടിടം വരുന്നതോടെ പത്ത് രോഗികളെ ഒരേ സമയം കിടത്തി ചികിത്സ നൽകാൻ കഴിയുമെന്നാണ് കരുതുന്നത്.
രോഗികൾക്ക് കൂടുതൽ സൗകര്യങ്ങളും ശീതീകരിച്ച മുറികളും കീമോ ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങളുമെല്ലാം ഇതിന്റെ ഭാഗമായി ഒരുക്കും. കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി വൈകുന്നതിൽ രോഗികളും ആശുപത്രി അധികൃതരും നിരാശരാണ്. എന്നാൽ ടെൻഡറില്ലാതെ നേരിട്ട് നിർമ്മാണം നടത്താൻ കഴിയുന്ന ഏജൻസിയെ ഏൽപ്പിച്ചിട്ടുണ്ടെന്ന് കാൻ തൃശൂർ അറിയിച്ചു.
ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ സമയമെടുക്കുമെന്നതിനാലാണ് അതില്ലാതെ ചെയ്യാൻ കഴിയുന്ന ഏജൻസിയെ ഏൽപ്പിച്ചത്.
എന്നാൽ കഴിഞ്ഞ മാർച്ചിൽ അവരുടെ കാലാവധി തീർന്നതിനാൽ അത് പുതുക്കാൻ നൽകിയിരിക്കുകയാണ്. ജൂലായ് മാസം തന്നെ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്.
കാൻ തൃശൂർ അധികൃതർ