ഇരിങ്ങാലക്കുട: പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് നിയമ പ്രകാരം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം നഗരസഭയിൽ ശക്തിപ്പെടുത്തുന്നു. ഇതിനായി എല്ലാ വ്യാപാരികളും ജനങ്ങളും സഹകരിക്കണമെന്നും ആയതിന്റെ മുന്നൊരുക്കങ്ങൾ ഇന്ന് മുതൽ ആരംഭിക്കുമെന്നും നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ അംബിക പള്ളിപ്പുറത്ത്, നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് എന്നിവർ അറിയിച്ചു. 28 മുതൽ പ്ലാസ്റ്റിക് മാലിന്യ പരിപാലന ഉപനിയമാവലി നഗരസഭയിൽ നടപ്പിലാക്കിയിരുന്നു. വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ പിഴ, പ്രോസിക്യൂഷൻ ശിക്ഷാനടപടികൾ എന്നിവ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ഗാർബേജ് ബാഗ്സ്, നോൺ വുവൺ ബാഗുകൾ, പ്ലാസ്റ്റിക് ഫ്ളാഗുകൾ, പ്ലാസ്റ്റിക് ബണ്ടിംഗ്, പെറ്റ് ബോട്ടിലുകൾ (500 മില്ലിലിറ്റർ താഴെ), എല്ലാ ഇനം പ്ലാസ്റ്റിക് കാരി ബാഗുകൾ, പ്ലാസ്റ്റിക് കോട്ടിംഗുള്ള പ്ലേറ്റ് പോലെ ഉപയോഗിക്കുന്ന ഇലകൾ, നഴ്‌സറികളിൽ ഉപയോഗിക്കുന്ന സാപ്ലിംഗ് ബാഗുകൾ, പ്ലാസ്റ്റിക് മേശവിരികൾ, പ്ലാസ്റ്റിക് വാട്ടർ പാച്ചുകൾ, ബാൻഡ് അല്ലാത്ത ജൂസ് പാക്കറ്റുകൾ, തെർമക്കോൾ, സ്റ്റൈറോ ഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പ്പേറ്റുകൾ, കപ്പുകൾ, അലങ്കാരവസ്തുക്കൾ, പി.വി.സി ഫ്ളെക്സുകൾ, പ്ലാസ്റ്റിക് കോട്ടഡ് തുണി, പോളിസ്റ്റർ, നൈലോൺ കൊറിയൻ തൂണി ബാനറുകൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പുകൾ, പ്ളേറ്റുകൾ, ഡിഷസ്, സ്പൂണുകൾ, ഫോർക്കുകൾ, സ്ട്രോ, സ്റ്റിറർ, പ്ലാസ്റ്റിക് പാക്കറ്റ്സ്, ഇയർ ബഡുകൾ, ബലൂണുകൾ, മിഠായികൾ, എന്നിവയാണ് നിരോധിച്ചിട്ടുള്ളത്. ബയോ മെഡിക്കൽ വേസ്റ്റ് കൈകാര്യം ചെയ്യുന്നതിനുള്ള ഗാർബേജ് പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനമില്ല.