ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം

കൊടുങ്ങല്ലൂർ: ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം ഇന്നു മുതൽ പ്രാബല്യത്തിൽ വരുന്നതോടെ പ്ലാസ്റ്റിക് മാലിന്യത്താൽ പൊറുതിമുട്ടുന്ന കൊടുങ്ങല്ലൂർ ബൈപാസിന് സർക്കാർ തീരുമാനം ആശ്വാസമാകുമോയെന്നാണ് നാട്ടുകാരുടെ ചോദ്യം. ഒറ്റത്തവണ ഉപയോഗിക്കുന്ന 19 ഇനം പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉത്പാദനവും, ശേഖരണവും, വിപണനവും, ഉപയോഗവുമാണ് നിരോധിച്ചിട്ടുള്ളത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ 2020 ജനുവരി ഒന്ന് മുതൽ നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയെങ്കിലും കൊവിഡ് വ്യാപനം കാരണം നടപ്പാക്കാൻ കഴിയാതെ പോയിരുന്നു.

കൊടുങ്ങല്ലൂർ ബൈപാസിലെ സർവീസ് റോഡിൽ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും നിറച്ചാണ് മാലിന്യം തള്ളി വരുന്നത്. കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ഉൾപ്പെടെ വേണ്ടാത്തതെന്തും ബൈപാസിൽ കൊണ്ടിടുകയാണ്. മഴ ശക്തി പ്രാപിച്ചതോടെ മാലിന്യം കലർന്ന് നടക്കാൻ പോലും കഴിയാതെ റോഡ് വൃത്തിഹീനമാണ്. ബൈപാസിലെ റോഡരികിലും ആൾത്താമസമില്ലാത്തയിടങ്ങളിലും പ്ലാസ്റ്റിക് പരന്ന് കിടക്കുകയാണ്. നഗരസഭ ശുചീകരണ തൊഴിലാളികൾ ഇടയ്ക്ക് ഇവ നീക്കം ചെയ്യുന്നുണ്ടെങ്കിലും രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ ഇവിടെ മാലിന്യം തള്ളുകയാണ്. സ്ട്രീറ്റ് ലൈറ്റും നിരീക്ഷണ കാമറയും ഇല്ലാത്തതും ഇവർ മുതലാക്കുകയാണ്. നിലവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, മലിനീകരണ നിയന്ത്രണ ബോർഡ്, പൊലീസ്, ഭക്ഷ്യസുരക്ഷ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവർക്കാണ് ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള അനുവാദമുള്ളത്.