കൊടുങ്ങല്ലൂർ: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം ചർച്ച ചെയ്യാൻ നഗരസഭ വിളിച്ചുചേർത്ത വിവിധ സംഘടനകളുടെ യോഗം പ്ലാസ്റ്റിക് ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു. ജൂലായ് ഒന്ന് മുതൽ സർക്കാർ തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ച് നടന്ന ആലോചന യോഗമാണ് പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുത്തത്. നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ ടീച്ചർ ഉദ്ഘാടനം ചെയ്തു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, നഗരസഭ സെക്രട്ടറി, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, വ്യാപാരി വ്യവസായ പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതി നിർവഹണത്തിന് ആവശ്യമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.