പൂവാർ: കരുംകുളം ഗ്രാമപഞ്ചായത്തിന് മുന്നിൽ രണ്ട് കുടുംബങ്ങൾ നടവഴി ആവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി. കരുംകുളം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മല്ലൻവിള കോളനിയിലെ ലീല -സുകുമാരൻ, വസന്ത - രാജൻ എന്നീ വൃദ്ധദമ്പതികളാണ് തങ്ങളുടെ നടവഴി തുറന്ന് തരണമെന്ന് ആവശ്യപ്പെട്ട് സമരത്തിനെത്തിയത്. 40 വർഷങ്ങൾക്ക് മുമ്പ് സർക്കാർ പതിച്ചുനൽകിയ പട്ടയഭൂമിയിൽ നിലവിലുണ്ടായിരുന്ന പൊതുവഴി അയൽവാസി കൈയേറി കെട്ടിയടച്ചതോടെ വഴി ഇല്ലാതായെന്നാണ് സമരക്കാർ പറയുന്നത്. ജില്ലാ കളക്ടർക്കും തഹസിൽദാർക്കും പഞ്ചായത്ത് അധികൃതർക്കും നിരവധി തവണ പരാതി നൽകിയിട്ടും ഫലം കാണാതായതോടെയാണ് സമരത്തിനിറങ്ങിയത്. ലീലയുടെ ഭർത്താവ് സുകുമാരൻ കാഴ്ച ഇല്ലാത്തയാളാണ്. വസന്തയുടെ ഭർത്താവ് രാജൻ കാൻസർ രോഗിയും. ഇവർക്ക് സഹായത്തിന് മറ്റാരുമില്ല. സർക്കാർ നൽകിയ 3.5 സെന്റ് ഭൂമിയിലാണ് ഇവരുടെ രണ്ട് വീടുകളുമുള്ളത്. പണ്ടുമുതലേ കോളനിയിൽ പൊതുവഴി ഉണ്ടായിരുന്നു. പട്ടയത്തിൽ ആ വിവരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വഴി അടച്ചവർക്കെതിരെ നോട്ടീസ് നൽകാനോ, നടപടി സ്വീകരിക്കാനോ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. കൂടാതെ ചാനൽ ബണ്ടിലൂടെ നടന്ന് പോകാൻ കഴിയുമായിരുന്ന പുറമ്പോക്ക് ഭൂമിയും കൈയേറിയതോടെ ഇവർക്ക് പോകാൻ വഴിയില്ലാതായി. പട്ടയത്തിൽ പറഞ്ഞിട്ടുള്ള വഴി തിട്ടപ്പെടുത്തേണ്ടത് റവന്യൂ ഡിപ്പാർട്ട്മെന്റാണ്. വഴി പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് അധികൃതർ നൽകിയ ഉറപ്പിന്മേൽ സമരം താത്കാലികമായി അവസാനിപ്പിച്ചു.