വിതുര: സ്കൂൾ തുറന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും വിതുര-നന്ദിയോട്-പാലോട് റൂട്ടിൽ യാത്രാക്ലേശം രൂക്ഷമാകുന്നതായി പരാതി. കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് ആവശ്യത്തിന് ബസുകൾ സർവീസ് നടത്താത്തതുമൂലമാണ് യാത്രാദുരിതം വർദ്ധിക്കാൻകാരണമെന്നാണ് പരാതി.
കൊവിഡ് അടച്ചുപൂട്ടൽ സമയത്ത് യാത്രക്കാർക്ക് ഉപകാരപ്രദമായി സർവീസ് നടത്തിയിരുന്ന മിക്ക ബസുകളും കളക്ഷൻ കുറവെന്നപേരിൽ നിറുത്തലാക്കിയിരുന്നു. എന്നാൽ സ്കൂൾ തുറന്നതോടെ യാത്രാദുരിതം ഇരട്ടിച്ചിരിക്കുകയാണ്. സമാന്തരസർവീസുകളാണ് വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർക്ക് മിക്കപ്പോഴും ആശ്രയം. കളക്ഷനില്ലെന്നുപറഞ്ഞ് ട്രാൻസ്പോർട്ട് സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതാണ് യാത്രക്കാരെ ഏറെ പ്രതിസന്ധിയിലാക്കുന്നത്. ഷെഡ്യൂൾ പരിഷ്ക്കാരം കൂടിയായപ്പോൾ യാത്രാദുരിതം ഇരട്ടിച്ചു. അടുത്തടുത്തായി വിതുര, ആര്യനാട്, നെടുമങ്ങാട്, പാലോട് തുടങ്ങി നാല് ഡിപ്പോകൾ ഉണ്ടായിട്ടും പാലോട് വിതുര റൂട്ടിലെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നില്ല. അതേസമയം യാത്രക്കാരുടെ അഭാവം മൂലമാണ് കൂടുതൽ സർവീസ് നടത്താൻ കഴിയാത്തതെന്നും, നിലവിൽ ഓടുന്ന ബസുകൾക്ക് കളക്ഷൻ കുറവാണെന്നുമാണ് കെ.എസ്.ആർ.ടി.സി മേധാവികൾ വ്യക്തമാക്കുന്നത്.
പാഴായ വാഗ്ദാനങ്ങൾ
വിതുര പാലോട് റൂട്ടിലനുഭവപ്പെടുന്ന യാത്രാക്ലേശം അകറ്റുന്നതിനായി ചെയിൻ സർവീസ് ആരംഭിക്കുമെന്ന് വർഷങ്ങൾക്ക് മുൻപ് കെ.എസ്.ആർ.ടി.സി അധികാരികൾ പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അനക്കമില്ല. ആര്യനാട്, നെടുമങ്ങാട്, പാലോട് ഡിപ്പോകൾ വിതുരയിലേക്ക് വേണ്ടത്ര സർവീസുകൾ അയയ്ക്കാത്തതും യാത്രാദുരിതം ഇരട്ടിപ്പിക്കുന്നു. ഈ മൂന്ന് ഡിപ്പോകളിൽ നിന്നും മുൻപ് വിതുര പാലോട് റൂട്ടിൽ അയച്ചിരുന്ന ബസുകളിൽ ഭൂരിഭാഗവും സർവീസ് നിറുത്തി. കാട്ടാക്കട ഡിപ്പോയിൽ നിന്നും പൂവച്ചൽ, കുറ്റിച്ചൽ, ഉഴമലയ്ക്കൽ, ആര്യനാട്, തൊളിക്കോട്, വിതുര, നന്ദിയോട് എന്നീ ആറു പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മികച്ച കളക്ഷനോടെ സർവീസ് നടത്തിയിരുന്ന ബസും അകാരണമായി നിറുത്തലാക്കുകയായിരുന്നു.
സർവീസുകൾ നിറുത്തലാക്കുന്നു
വിതുരയിൽ ബസ് ഡിപ്പോ പ്രവർത്തനം ആരംഭിച്ചത് 2000ൽ ആണ്. അതുവരെ സമീപ ഡിപ്പോകളിൽ നിന്നും ധാരാളം സർവീസുകൾ വിതുരയിലേക്ക് അയച്ചിരുന്നു. ഡിപ്പോ തുടങ്ങിയതോടെ ക്രമേണ സർവീസുകൾ കുറയ്ക്കുകയായിരുന്നു. പകരം വിതുര ഡിപ്പോ സർവീസ് നടത്തുമെന്നാണ് അറിയിപ്പ്. എന്നാൽ വാഗ്ദാനം കടലാസിലുറങ്ങുകയാണ്. യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്ന പാലോട് ഡിപ്പോയിൽ നിന്നും മടത്തറ പാലോട് നന്ദിയോട് വഴി വിതുരയിലേക്ക് സർവീസ് നടത്തിയിരുന്ന ബസും വിതുര ഡിപ്പോ പ്രവർത്തനം തുടങ്ങിയതോടെ നിറുത്തലാക്കി.