ചിറയിൻകീഴ്: നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂളിലെ നൂറ് വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസ സൗകര്യമൊരുക്കുകയും ഇന്ത്യൻ പാർലമെന്റ് കാണുന്നതിനായി സൗജന്യ വിമാന യാത്രാ സൗകര്യമൊരുക്കുകയും സ്കൂളിലെ പൂർവവിദ്യാർത്ഥിനി. നോബിൾ ഗ്രൂപ്പ് സ്കൂളിന് കീഴിലുള്ള ശാരദ വിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ഗോപിക എന്ന വിദ്യാർത്ഥിനിയാണ് പിൻഗാമികൾക്ക് ഈ അവസരം ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി
ഇന്ത്യൻ പാർലമെന്റ് മന്ദിരവും താജ്മഹലും ഡൽഹിയിലെ മറ്റ് ഒട്ടനവധി ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിച്ച് മടങ്ങിവരാനുള്ള വിമാനയാത്രയ്ക്കായി 100 കുട്ടികൾക്ക് 10000 രൂപ നിരക്കിൽ ആകെ 10 ലക്ഷം രൂപ ഗോപികയും ഭർത്താവ് ബിപിനും ചേർന്ന് സ്കൂൾ മാനേജ്മെന്റിന് നൽകും. കാനഡയിലാണ് ഗോപിക കുടുംബസമേതം താമസിക്കുന്നത്.
തന്റെ സ്കൂൾ കാലഘട്ടത്തിൽ കന്യാകുമാരി സന്ദർശനത്തിനായുള്ള തുച്ഛമായ തുക പോലും ചെലവാക്കാൻ ഇല്ലാതിരുന്ന നിരവധി കൂട്ടുകാരികൾ ഗോപികയ്ക്ക് ഉണ്ടായിരുന്നു. പുതിയ കാലഘട്ടത്തിൽ ഇത്തരത്തിൽ ഒരു വിദ്യാർത്ഥി പോലും താൻ പഠിച്ച വിദ്യാലയത്തിൽ ഉണ്ടാകരുതെന്ന ചിന്തയാണ് കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിനും ഡൽഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് സൗജന്യമായി പറക്കുന്നതിന് സൗകര്യം ഒരുക്കുന്നതിനും പ്രേരിപ്പിച്ചത്. മികവുതെളിയിച്ച് മുന്നേറുന്ന സാധാരണക്കാരായ കുട്ടികൾക്ക് ഇനിയും നിരവധി സൗകര്യങ്ങൾ ഒരുക്കുന്നതിനു വേണ്ടി തങ്ങൾ തയ്യാറാണെന്നും ഗോപിക പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് 9746069885, 9846585135, 9495656095 എന്ന നമ്പരുകളിൽ ബന്ധപ്പെടുക.