
തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ പ്രധാന ഓഫീസുകൾ ഒരു കെട്ടിടത്തിൽ കൊണ്ടുവരാൻ തലസ്ഥാനത്ത് 'റവന്യൂഭവൻ" നിർമ്മിക്കാനുള്ള പദ്ധതി വൈകും.
കവടിയാറിന് സമീപം ഇതിനായി തീരുമാനിച്ച സ്ഥലത്ത് പുതിയ മന്ത്രിമന്ദിരങ്ങൾ പണിയാനുള്ള ആലോചന വന്നതാണ് പ്രശ്‌നം. അത് തീരുമാനമായാൽ വേറെ സ്ഥലം കണ്ടെത്തണം.
കവടിയാർ ജംഗ്ഷന് സമീപം റവന്യുവകുപ്പ് ഏറ്റെടുത്ത, പേരൂർക്കട വില്ലേജിൽ പെട്ട കൊട്ടാരം വക 3.25 ഏക്കറിലെ ഒരു ഭാഗമാണ് മന്ദിരത്തിന് നിശ്ചയിച്ചിരുന്നത്. ഈ സ്ഥലത്തിൽ 50 സെന്റ് കളക്ടറുടെ ക്യാമ്പ് ഹൗസ് പണിയാനും 30 സെന്റ് സാഹിത്യ അക്കാഡമിക്ക് ഒ.എൻ.വി സ്‌മാരകം പണിയാനും അനുവദിച്ച് നേരത്തെ ഉത്തരവിറങ്ങിയിരുന്നു. വഴിക്കും മറ്റുമായി 10 സെന്റോളം മാറി. ശേഷിച്ച 2 ഏക്കർ 35 സെന്റാണ് റവന്യൂ ഭവന് കണ്ടിരുന്നത്. ജനുവരിയിൽ ഭൂമി അനുവദിച്ച് ഉത്തരവുമിറങ്ങി. പൈതൃക സംരക്ഷിത മേഖലയായതിനാൽ രണ്ട് നിലയിൽ കൂടുതൽ പാടില്ല. അതിനാൽ ഈ സ്ഥലത്ത് കൂടുതൽ വിസ്തീർണമുള്ള കെട്ടിടം പണിയാനായിരുന്നു തീരുമാനം. ഇപ്പോഴുള്ള പല മന്ത്രിമന്ദിരങ്ങളും കാലപ്പഴക്കമുള്ളതിനാൽ പുതിയവ നിർമ്മിക്കണമെന്ന നിർദ്ദേശം നേരത്തേയുണ്ട്.
റവന്യു ഭവനിൽ വരുന്നത്
കളക്ടറേറ്റ്
ലാൻഡ് റവന്യൂ കമ്മിഷണറേറ്റ്
തിരുവനന്തപുരം താലൂക്ക് ഓഫീസ്