ചിറയിൻകീഴ്: മൃതദേഹം കൊണ്ടുപോയതിന് നിർദ്ധന പട്ടികജാതി കുടുംബത്തിൽ നിന്ന് അനധികൃതമായി ആംബുലൻസ് ഡ്രൈവർ ഫീസ് വാങ്ങിയെന്നും രസീത് നൽകിയില്ലെന്നും പരാതി. കല്ലമ്പലം പുതുശ്ശേരിമുക്ക് ഈഞ്ചയിൽ കുന്നുവിളവീട്ടിൽ കമലയാണ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ്, താലൂക്ക് ആശുപത്രി സൂപ്രണ്ട്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ എന്നിവർക്ക് പരാതി നൽകിയത്. കമലയുടെ അമ്മ നാരായണി ഏപ്രിൽ 28ന് മരണമടഞ്ഞിരുന്നു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയുടെ ആംബുലൻസിലാണ് മൃതദേഹം വീട്ടിലെത്തിച്ചത്. എന്നാൽ ഇതിന് ഡ്രൈവർ പണം വാങ്ങി. രസീത് ആവശ്യപ്പെട്ടെങ്കിലും നൽകിയിരുന്നില്ല.ഡ്രൈവർ ആ തുക ആശുപത്രിയിൽ അടയ്ക്കാതെ സ്വന്തമാക്കുകയായിരുന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പട്ടികജാതി കുടുംബമാണെന്നും തുക തിരികെ ലഭിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.