
ചിറയിൻകീഴ്: തോട്ടവാരം ശ്രീഇണ്ടിളയപ്പൻ ശാസ്താക്ഷേത്രത്തിന് സമീപത്ത് കൂടെയുള്ളതും മാമം നദിയുടെ തീരവും ചേരുന്ന റോഡ് അപകടാവസ്ഥയിൽ. ഇവിടെ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്ന് നദിയിൽ വീണിരിക്കുകയാണ്. മാത്രവുമല്ല മഴക്കാലത്ത് കൂടുതൽ ഭാഗം ഇടിയാനുള്ള സാദ്ധ്യത കൂടുതലുമാണ്.
റോഡിന്റെ വളവുള്ള ഭാഗമായതിനാൽ ഇവിടത്തെ ഈ അവസ്ഥ അറിയാതെ എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയും ഏറെയാണ്. സ്കൂൾ കുട്ടികളും നാട്ടുകാരുമടക്കം നിരവധി പേർ ആശ്രയിക്കുന്ന റോഡാണിത്.
റോഡ് അടിയന്തരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട ജനപ്രതിനിധികളടക്കമുള്ള അധികൃതർക്ക് നാട്ടുകാർ നിവേദനങ്ങൾ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വകുപ്പ് അധികൃതർ എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തു. ഇറിഗേഷൻ മൈനർ വിഭാഗം വകുപ്പ് ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് പണി തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും വർഷങ്ങൾക്കിപ്പുറവും നിർമ്മാണ പ്രവർത്തനങ്ങളൊന്നും ആരംഭിച്ചില്ല.
മഴക്കാലമായതോടെ ഈ റോഡിന്റെ അവസ്ഥ കൂടുതൽ ശോചനീയം ആകും. അതിനാൽ ബന്ധപ്പെട്ട അധികാരികൾ എത്രയും വേഗം റോഡ് നന്നാക്കി തരുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ക്ഷേത്രത്തിന് സമീപത്തുള്ള ആറിന് സമാന്തരമായി കമ്പി വേലി നിർമിക്കണമെന്നാവശ്യവും ശക്തമാണ്. അതുപോലെ ഇണ്ടിളയപ്പൻ - കുഴിയറ മൂല റോഡിന്റെ അവസ്ഥയും ഏറെ ദയനീയമാണ്. റോഡ് പൊട്ടിപ്പൊളിഞ്ഞ് കുന്നും കുഴിയുമായി കിടക്കുകയാണ്. കുഴിയേത് എന്നറിയാതെ അപകടത്തിൽപ്പെടുന്ന ബൈക്ക് യാത്രക്കാർ നിരവധിയാണ്