venmanakkal-kulam

വക്കം: വക്കം വെൺമനയ്ക്കൽ കുളവും കൈതോടും നാശോന്മുഖം. പ്രസിദ്ധമായ വക്കം മുക്കാലവട്ടം ക്ഷേത്രത്തിന്റെ ആറാട്ട് കുളം കൂടിയായിട്ടും ഇവിടെ ആരും തിരിഞ്ഞു നോക്കുന്നില്ല. പായലും പാഴ്ച്ചെടികളും പ്ലാസ്റ്റിക്ക് കുപ്പികളും കൊണ്ട് കുളം മൂടിക്കഴിഞ്ഞു. കുളത്തിൽ നിന്നുള്ള പാഴ്ച്ചെടികൾ വളർന്ന് സമീപത്തെ റോഡുവരെ കൈയേറിയ നിലയിലാണിപ്പോൾ. കൊവിഡ് വന്നതിനെ തുടർന്ന് ഉത്സവങ്ങൾ ഇല്ലാതിരുന്നതാണ് കുളം ഇത്രയോറെ നശിക്കാൻ കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. കുളം മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞതിന് പുറമേ, കുളത്തിന്റെ പാർശ്വഭിത്തികളും തകർന്ന നിലയിലാണ്. ഒരിക്കലും വറ്റാത്ത നീരുറവയുള്ള ഇവിടെ വേനൽക്കാലത്ത് പോലും കുളത്തിലെ അധിക ജലം പുറത്തേക്കാെഴുകിയിരുന്ന കൈതോട് കൈയേറിയ നിലയിലാണ്.

കുളം നവീകരിച്ചാലും അധികജലം കുളത്തിൽ നിന്ന് അഞ്ചുതെങ്ങ് കായലിൽ എത്തിക്കാൻ ഇനി പുതുവഴികൾ കണ്ടെത്തണം. മുക്കാലവട്ടം ഷേത്രത്തിലെ ആറാട്ടിന് പുറമേ ഉത്സവത്തോടനുബന്ധിച്ചുള്ള തൂക്കത്തിന്റെ വില്ല് വൃത്തിയാക്കുന്നതും ഈ കുളത്തിലാണ്. കുളത്തിന്റെ ഉപയോഗം ഏറെ പരിസരവാസികൾക്കാണ്. അലക്ക് മേഖലയിൽ പണിയെടുക്കുന്ന നിരവധി കുടുംബങ്ങൾക്ക് അനുഗ്രഹമാണ് ഈ കുളം. ഈ മേഖലയിലെ കിണറുകളിൽ പലതിലും ഓര് വെള്ളമാണ്. അതുകൊണ്ടുതന്നെ നാട്ടുകാർ നനയ്ക്കാനും കുളിക്കാനും ഈ കുളത്തെയാണ് ആശ്രയിക്കുന്നത്. വെൺമനയ്ക്കൽ കുളത്തോട് ചേർന്ന് ഒരു ചെറിയ കുളം കൂടിയുണ്ട്. ഇതും കാട് മൂടിയ നിലയിലാണിപ്പോൾ. ഇവിടെനിന്ന് ആരംഭിക്കുന്ന കൈതോട് അഞ്ചുതെങ്ങ് കായലിലാണ് പതിക്കുന്നത്. ഇടയ്ക്കുള്ള കൈതോട് കൈയേറിയതോടെ വെള്ളം കെട്ടിക്കിടന്ന് ഈ പ്രദേശം ചതുപ്പായി മാറിയിരിക്കുകയാണ്.

വക്കം വെൺമനയ്ക്കൽ കുളം

1)പ്രസിദ്ധമായ വക്കം മുക്കാലവട്ടം ക്ഷേത്രത്തിന്റെ ആറാട്ട് നടക്കുന്നത് ഈ കുളത്തിലാണ്.

2) ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള തൂക്കത്തിന്റെ വില്ല് വൃത്തിയാക്കുന്നതും ഈ കുളത്തിൽ

3)അലക്ക് മേഖലയിൽ പണിയെടുക്കുന്ന നിരവധി കുടുംബങ്ങൾ ആശ്രയിച്ചിരുന്നതും ഇൗ കുളത്തെയാണ്

കുളത്തിന്റെ ഇന്നത്തെ അവസ്ഥ

1)മാലിന്യം നിറഞ്ഞ് കുളം കാട് കയറി

2)കുളത്തിന്റെ പാർശ്വഭിത്തികളും തകർന്നു

3)കുളത്തിലെ അധിക ജലം ഒഴുകി അഞ്ചുതെങ്ങ് കായലിൽ പതിക്കുന്ന കൈതോട് കൈയേറിയ നിലയിൽ

മൈനർ ഇറിഗേഷൻ വകുപ്പ് ഇടപെടണമെന്ന്

മുൻ കാലങ്ങളിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കുളം വേനൽക്കാലങ്ങളിൽ വൃത്തിയാക്കാറുണ്ടായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ അതിന് കഴിയുന്നില്ല. മൈനർ ഇറിഗേഷൻ വകുപ്പിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നല്ലൊരു തുക ചെലവഴിച്ചാലേ കുളം പൂർവസ്ഥിതിയിലാകൂ.