kakkodu-paramala

പള്ളിക്കൽ: മടവൂർ കക്കോട് പാറമടയിലെ കുളങ്ങളിൽ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് ശുദ്ധജല പദ്ധതി നടപ്പാക്കാമെന്ന റവന്യൂ വകുപ്പിന്റെ ശുപാർശ നാല് വർഷം കഴിഞ്ഞിട്ടും നടപ്പായില്ല. റവന്യൂ വകുപ്പ് തന്നെ പദ്ധതി ഉപേക്ഷിച്ചതായാണ് ആക്ഷേപം. 4 വർഷം മുമ്പുണ്ടായ കൊടും വരൾച്ചക്കാലത്താണ് പാറക്കുളത്തിൽ ശുദ്ധജല പദ്ധതി നടപ്പാക്കാമെന്ന ശുപാർശ റവന്യൂ വകുപ്പ് മുന്നോട്ടുവച്ചത്. മടവൂർ ഗ്രാമപഞ്ചായത്തും കിളിമാനൂർ ബ്ലോക്ക്‌ പഞ്ചായത്തും കൂടി പദ്ധതി നടപ്പാക്കണമെന്നും തുക റവന്യൂ വകുപ്പ് നൽകുമെന്നുമായിരുന്നു നിർദ്ദേശം. ഇതിനായി ഗ്രാമപഞ്ചായത്തിനോട് താലൂക്ക് സഭയിൽ നിവേദനം നൽകാനും നിർദ്ദേശിച്ചിരുന്നു. നിവേദനം താലൂക്ക് സഭ പാസാക്കി കളക്ടർക്ക് നൽകിയശേഷം ശുപാർശ പുറംലോകം കണ്ടിട്ടില്ലെന്ന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രൻ പറഞ്ഞു. പ്രളയം വന്നതോടെ പാറമടയിലെ ശുദ്ധജല പദ്ധതി എന്നന്നേക്കുമായി ഉപേക്ഷിച്ചു. റവന്യൂ വകുപ്പിന്റെ കീഴിലാണ് കക്കോട് പാറമട. 15 ഏക്കറിലധികം വിസ്തീർണ്ണമുള്ള പാറമടയിലെ ഖനനം പാറ പൊട്ടിച്ചു തീർന്നതോടെ 10 വർഷം മുമ്പ് നിലച്ചു. കുളങ്ങൾക്ക് 3 ഏക്കറിലധികം വിസ്തീർണ്ണം വരും. ചെറുതും വലുതുമായ 14 കുളങ്ങളാണ് ഉള്ളത്. 125 അടിയിലേറെ ആഴം ഉണ്ടാകുമെന്നാണ് അനുമാനം. പാറമടയിലെ കുളത്തിൽ ശുദ്ധജലപദ്ധതി നടപ്പാക്കിയാൽ മടവൂർ, പള്ളിക്കൽ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.

ഇവിടത്തെ പാറമടകളിൽ കുളിക്കാൻ ഇറങ്ങിയും അബദ്ധത്തിൽ കാൽ വഴുതി വീണും കുളത്തിൽ ചാടിയും പന്ത്രണ്ടോളം പേർ മരണമടഞ്ഞിട്ടുണ്ട്. എന്നാൽ അപകടങ്ങൾ പതിവായിട്ടും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ പഞ്ചായത്തിനായിട്ടില്ല. ശുദ്ധജലപദ്ധതി യാഥാർത്ഥ്യമായാൽ അപകടങ്ങളും കുറയും. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇപ്പോൾ പ്രവർത്തിക്കാത്ത പാറമടകൾ അഞ്ചിലധികമുണ്ട്.