വിതുര: എവിടെത്തിരിഞ്ഞുനോക്കിയാലും അവിടെല്ലാം തെരുവുനായ്ക്കൾ ചുറ്റിത്തിരിയുന്നു. വഴിയാത്രക്കാരെ നായ്ക്കൾ ഓടിച്ചിട്ട് കടിക്കുന്നത് പതിവ് സംഭവമായി. വിദ്യാർത്ഥികളെയും കടിച്ച് കുടയാറുണ്ട്. വീട്ടിൽ കയറി പിഞ്ചുകുഞ്ഞുങ്ങളെ ആക്രമിക്കും, കോഴികളെയും ആടുകളെയും കൊന്നു തിന്നും. പേബാധിച്ച നായ്ക്കൽ പോലും റോഡിലൂടെ യഥേഷ്ടം വിഹരിക്കുകയാണ്. തൊളിക്കോട്, വിതുര, ആര്യനാട് പ്രദേശങ്ങളിലുള്ളവർ തെരുവുനായ്ക്കളുടെ ശല്യം കൊണ്ട് പൊറുതിമുട്ടി. നായ്ക്കളെ പേടിച്ച് വഴിനടക്കാൻപോലും പറ്റാത്ത ഗതികേടിലാണ് ജനങ്ങൾ.
അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടും അധികൃതർ നടപടിയെടുക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കല്ലാറിലും വിതുരയിലും തൊളിക്കോട്ടുമായി മൂന്ന് വീടുകളിൽ പട്ടാപ്പകൽ തെരുവ് നായ്ക്കൾ അതിക്രമിച്ചു കയറി പിഞ്ചുകുഞ്ഞുങ്ങളെ കടിച്ചുകുടഞ്ഞിരുന്നു. നായ്ക്കളെ അമർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അനവധി തവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
വിഹാരകേന്ദ്രങ്ങൾ
വിതുര ഗവ. താലൂക്ക് ആശുപത്രി, ഗവ. ഹൈസ്കൂൾ, യു.പി.എസ്, കെ.എസ്.ആർ.ടി.സി ഡിപ്പോ, ചേന്നൻപാറ ജംഗ്ഷൻ, പേരയത്തുപാറ, ചാരുപാറ, തേവിയോട്, കൊപ്പം, ചായം, ഇരുത്തലമൂല, ഹൈസ്‌കൂൾ ജംഗ്ഷൻ, ശിവൻകോവിൽ ജംഗ്ഷൻ, ചന്തമുക്ക്, കെ.പി.എസ്.എം ജംഗ്ഷൻ
നായ്ക്കളെ കൊണ്ടിറക്കുന്നു
പൊൻമുടി-വിതുര റോഡിൽ കലുങ്ക് ജംഗ്ഷനിൽ മൂന്ന് ദിവസം മുമ്പ് രാത്രിയിൽ വാഹനത്തിൽ ഇരുപതോളം തെരുവ് നായ്ക്കളെ കൊണ്ടിറക്കിവിട്ടതായി പരാതിയുണ്ട്. കൂടാതെ കല്ലാർ, ചേന്നൻപാറ, ചാരുപാറ ഭാഗങ്ങളിലും നായ്ക്കളെ കൊണ്ടിറക്കാറുണ്ട്. വിതുര കലുങ്ക് ജംഗ്ഷൻ ഇപ്പോൾ തെരുവ് നായ്ക്കളുടെ പിടിയിലാണ്.
മാലിന്യം തിന്ന് പെറ്റ്പെരുകുന്നു
പാതയോരങ്ങളിൽ വലിച്ചെറിയുന്ന ഇറച്ചി വേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തിന്ന് നായ്ക്കൾ പെറ്റുപെരുകുകയാണ്. പൊൻമുടി റോഡിൽ ചേന്നൻപാറ, പേരയത്തുപാറ, ചാരുപാറ, ആനപ്പാറ, കല്ലാർ ഭാഗങ്ങളിൽ വൻതോതിൽ മാലിന്യം വലിച്ചെറിയുകയാണ്. ആര്യനാട് റോഡിൽ വിനോബാ നികേതൻ ജംഗ്ഷനിലും പാലോട് റോഡിൽ ചെറ്റച്ചൽ നവോദയാ സ്കൂളിന് സമീപവും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ്. ഇവിടെ വ്യാപകമായി തെരുവ് നായ്ക്കൾ തമ്പടിച്ചിട്ടുണ്ട്.