
പൂവാർ: നിർദ്ധ കുടുംബങ്ങളിലെ രണ്ട് വൃദ്ധ ദമ്പതികൾ ഒരു നടവഴിക്കായി കാത്തിരിപ് തുടങ്ങിയിട്ട് 7 വർഷം കഴിഞ്ഞു. കരുംകുളം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ മല്ലൻവിള കോളനിയിലെ വസന്ത രാജൻ, ലീല സുകുമാരൻ ദമ്പതികളാണ് വഴിയ്ക്കായുള്ള കാത്തിരിപ്പ് തുടരുന്നത്. 40 വർഷങ്ങൾക്ക് മുൻപാണ് ഈ കുടുംബങ്ങൾ കരുംകുളം മല്ലൻവിളയിലെ പുറമ്പോക്ക് ഭൂമിയിൽ കുടിൽ കെട്ടി താമസം തുടങ്ങിയത്.1991-ൽ ഇവർക്ക് പട്ടയം ലഭിച്ചു. അപ്പോൾ മുതൽ തങ്ങൾ ഉപയോഗിച്ചു വന്ന വഴി സമീപവാസി കെട്ടിയടച്ചെന്നാണ് പരാതി.
ഇപ്പോൾ സ്വന്തം വീടുകളിൽ കയറി പോകാൻ നടവഴി ആവശ്യപ്പെട്ട് ഇവർ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. കരുംകുളം ഗ്രാമ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, കളക്ട്രേറ്റ്, മുഖ്യന്ത്രി, വകുപ്പ് മന്ത്രിമാർ, ലീഗൽ സർവ്വീസ് അതോറിട്ടി, കാഞ്ഞിരംകുളം പൊലീസ് എന്നിവർക്കെല്ലാം നിരവധി തവണ അപേക്ഷകൾ നൽകിയിട്ടുണ്ട്. കൂടാതെ ഗ്രാമ പഞ്ചായത്തിന് മുന്നിൽ കുടുംബസമേതം സത്യാഗ്രാഹ സമരവും നടത്തിയിട്ടും ഉചിതമായ നടപടി മാത്രം സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ലന്നാണ് അവർ പറയുന്നത്.
നിരവധി സമരങ്ങൾക്കൊടുവിൽ പഞ്ചായത്ത് ഭരണസമിതി മല്ലൻവിള കോളനിയിലെ വഴി പ്രശ്നം പരിഹരിക്കാൻ ഒരു സബ്ബ് കമ്മിറ്റിയെ നിയോഗിച്ചു. വഴി തുറക്കണമെന്ന സബ്ബ് കമ്മിറ്റിയുടെ നിർദ്ദേശം നടപ്പാക്കാതെ ആർ.ഡി.ഒ യ്ക്ക്ക് വിടാനാണ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചത്.
ഇവർക്ക് വീട്ടിൽ നിന്നും വന്നു പോകാൻ ഉചിതമായ ഒരു വഴി തുറന്ന് കൊടുക്കണമെന്നാണ് ഈ വൃദ്ധ ദമ്പതികളുടെ ആവശ്യം.