
വക്കം: തണൽ മരങ്ങൾ മുറിച്ചു നീക്കാതെയുള്ള നിലയ്ക്കാമുക്ക് ജംഗ്ഷനിലെ ഓട നിർമ്മാണം അനിശ്‌ചിതത്വത്തിൽ. ഓടകൾ നിർമ്മിക്കുന്ന സ്ഥലങ്ങളിലെ മരങ്ങൾ നേരത്തേ മുറിച്ചു മാറ്റാത്തതാണ് നിർമ്മാണം നിലയ്ക്കാൻ കാരണമായത്. റോഡരികിൽ ഓടയ്ക്കായി കുഴികൾ എടുത്ത ശേഷം 'യു' ആകൃതിയുള്ള സ്ലാബുകൾ ഇട്ട് മുകളിൽ സ്ലാബ് കൊണ്ട് മൂടുന്ന രീതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നത്. എന്നാൽ നിലയ്ക്കാമുക്ക് മാർക്കറ്റിന് മുൻ വശങ്ങളിൽ വിട്ട് വിട്ടാണ് ഓട നിർമ്മാണം പുരോഗമിക്കുന്നത്.
ആലംകോട് മുതൽ മീരാൻകടവ് വരെയുള്ള റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ഓട നിർമ്മാണം. ആലംകോട് മുതൽ മീരാൻ കടവ് വരെ 9 മിറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയത്. എന്നാൽ മണനാക്ക് എത്തിയപ്പോൾ തുടർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഏഴ് മീറ്ററായി ചുരുക്കിയതായി ആക്ഷേപമുണ്ട്. അതോടെ ബാക്കിയുള്ള മേഖലകളിൽ ഓട നിർമ്മാണം റോഡിനോട് ചേർന്നുമാക്കി. ഭാവിയിൽ റോഡിന് വീതി കൂട്ടുമ്പോൾ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ഓട വീണ്ടും മാറ്റേണ്ടിവരും. നിലവിൽ മരങ്ങൾ മുറിച്ചുമാറ്റി ഓട നിർമ്മിക്കാൻ കഴിയാത്ത സാഹചര്യമാണ്. അതോടെ മഴ പെയ്താൽ നിലയ്ക്കാമുക്കും പരിസര പ്രദേശവും വെള്ളക്കെട്ടിൽ മുങ്ങുമെന്ന് ഉറപ്പായി.