
തിരുവനന്തപുരം: രാജാജി നഗറിന്റെ വികസനത്തിനോടനുബന്ധിച്ച് സ്‌മാർട്ട് സിറ്റിയുടെ നേതൃത്വത്തിൽ വീടില്ലാത്തവർക്ക് ഫ്ളാറ്റ് നിർമ്മിക്കുന്ന പദ്ധതി പാതിവഴിയിൽ. നഗരസഭയുടെ കൃത്യമായ ഇടപെടലില്ലാത്തത് കാരണമാണ് പദ്ധതി വൈകുന്നതെന്നാണ് ആക്ഷേപം.
2017ലാണ് രാജാജി നഗറിൽ പുതിയ ഫ്ളാറ്റുകൾ നിർമ്മിക്കുന്നതിനായി 61.42 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്. പല കാരണങ്ങൾ പറഞ്ഞ് നഗരസഭ തന്നെ പദ്ധതി അഞ്ചുവർഷത്തോളം നീട്ടിക്കൊണ്ടുപോയി. അന്ന് ശില്പ പ്രോജക്ട് ആൻഡ് ഇൻഫ്രാസട്രക്ചർ എന്ന കമ്പനിക്കായിരുന്നു ടെൻഡർ നൽകിയിരുന്നത്. അവർ നിലവിൽ ജോലികൾ തുടങ്ങാത്തതിനാൽ അവരെ ഒഴിവാക്കി വീണ്ടും ടെൻഡർ വിളിക്കാൻ നീക്കമുണ്ടെന്നാണ് വിവരം. ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിനൊപ്പം ശരിയായി മഴവെള്ളം പോകുന്നതിനുള്ള ഓടകൾ, പ്രവേശന റോഡുകൾ, പാർക്കിംഗ് സൗകര്യം, കമ്മ്യൂണിറ്റി, വിനോദ സൗകര്യം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സൂപ്പർ ഫ്ലാറ്റുകൾ
മൂന്ന് ഘട്ടങ്ങളായി പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ആദ്യഘട്ടത്തിൽ 2.81ഏക്കറിലായി നിർമ്മിക്കുന്ന 249 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതുവഴി 150 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനായിരുന്നു പദ്ധതി. ആവശ്യമെങ്കിൽ ഘട്ടംഘട്ടമായി ഫ്ളാറ്രുകൾ നിർമ്മിക്കാനായിരുന്നു തീരുമാനിച്ചത്.
എന്നാൽ പദ്ധതി പൂർത്തിയാകുന്നതുവരെ സമീപത്തുതന്നെ പുനരധിവാസ കേന്ദ്രം വേണമെന്ന് കോളനി നിവാസികൾ നിലപാടെടുത്തു. മറ്റൊരിടത്ത് താമസം ഒരുക്കാമെന്നും 5000 രൂപ വാടക ഇനത്തിൽ സർക്കാർ നൽകാമെന്ന് പറഞ്ഞിട്ടും അവർ വഴങ്ങിയില്ല. ചർച്ചയ്ക്കൊടുവിൽ കോളനിക്കകത്തോ അതിനടുത്തോ വാടകയ്‌ക്ക് പോകാമെന്ന് അവർ സമ്മതിച്ചു. വാടകത്തുക കൂട്ടണമെന്ന ആവശ്യവും സ്‌മാർട്ട് സിറ്റി അംഗീകരിച്ചിട്ടുണ്ട്. നിലവിൽ ഫ്ളാറ്റുകൾ എണ്ണം കുറച്ച് നിർമ്മിക്കാനുള്ള ആലോചനയിലാണ്. ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കുന്നതിലും താമസം നേരിടുന്നുണ്ട്.
ജനങ്ങൾ ദുരിതത്തിലാണ്
നഗരസഭയും സ്‌മാർട്ട് സിറ്റിയും പദ്ധതി വൈകിപ്പിച്ചതുകാരണം ജനങ്ങൾ ദുരിതത്തിലാണ്. പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ടുമറച്ച ഷെഡുകളിലാണ് കോളനിയിലെ നൂറിലേറെ കുടുംബങ്ങൾ താമസിക്കുന്നത്. ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ കൂരകൾ പൊളിയുന്നതും പതിവാണ്. നേരത്തെ നിർമ്മിച്ച ഫ്ളാറ്റുകളുടെ സ്ഥിതിയും മറിച്ചല്ല. ഫ്ളാറ്റുകളിൽ താമസിക്കുന്നവരുടെ കുടുംബങ്ങളിൽ അംഗസംഖ്യ കൂടുന്നതിനനുസരിച്ച് ഇവിടെ താത്കാലിക ഷെഡുകളുടെ എണ്ണവും കൂടും. 1977ലാണ് ആദ്യമായി ചെങ്കൽച്ചൂളയിൽ ഫ്ളാറ്റ് മാതൃകയിലുള്ള കെട്ടിടം നിർമ്മിച്ചത്. ആദ്യഘട്ടത്തിൽ ആറ് ഫ്ളാറ്റുകളാണ് നിർമ്മിച്ചത്. ഫ്ളാറ്റുകൾ പൊളിഞ്ഞ് വീഴാറായിട്ടും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. 12 ഏക്കറിലായി സ്ഥിതിചെയ്യുന്ന രാജാജി നഗറിൽ 2000 കുടുംബങ്ങളാണ് താമസിക്കുന്നത്.
പഴയ പദ്ധതി പുതിയതാക്കും
----------------------------------------------
2017ൽ പദ്ധതിയുടെ എസ്റ്റിമേറ്റ് - 61.4 കോടി രൂപ
റീടെൻഡർ ചെയ്യുമ്പോൾ പ്രതീക്ഷിക്കുന്ന ചെലവ് - 70 കോടി രൂപ