
കല്ലമ്പലം: കപ്പാംവിള തലവിള റോഡിലെ കുടവൂർ ലക്ഷംവീട് ഭാഗത്തെ റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് മാസങ്ങളായി. കുടവൂർ ജുമാമസ്ജിദിന് സമീപം ലക്ഷംവീട് കോളനി ഭാഗത്തെ കുത്തനെയുള്ള കയറ്റത്തിൽ റോഡ് പൂർണമായും തകർന്നു. സ്കൂൾ തുറക്കുന്നതോടെ പരിസരത്തെ ഹൈസ്കൂളിലെയും, പ്രൈമറി സ്കൂളിലെയും നൂറുകണക്കിന് കുട്ടികൾക്കും കൂടാതെ സ്കൂൾ ബസിനും കടന്നുപോകേണ്ട പ്രധാന റോഡാണിത്. കുടവൂർ ജുമാ മസ്ജിദിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഒരു പ്രധാന റോഡ് കൂടിയാണിത്. കുത്തനെയുള്ള കയറ്റത്തിൽ റോഡ് തകർന്നു കിടക്കുന്നതിനാൽ സ്കൂൾ ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും കിലോമീറ്ററുകൾ കറങ്ങി മടന്തപ്പച്ച വഴി കപ്പാംവിള ഭാഗത്തേക്ക് പോകേണ്ട സ്ഥിതിയാണുള്ളത്. നാവായിക്കുളം ഭാഗത്തേക്കും പാരിപ്പള്ളിയിലേക്കും കിളിമാനൂരിൽ നിന്നും പോങ്ങനാട് നിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഒരു പ്രധാന റോഡാണ് തലവിള - കപ്പാംവിള റോഡ്. ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ എത്രയും വേഗം റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.