
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭ 2021-22 സാമ്പത്തിക വർഷത്തെ വനിതാ വികസനത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര നഗരസഭയും ലൈഫ് ഫൗണ്ടേഷനും വ്യവസായ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ജനസൗഹൃദ കേന്ദ്രം തൊഴിൽ സംരംഭകത്വത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ നിർവഹിച്ചു. പരിസ്ഥിതി സൗഹൃദ ഉല്പന്ന വിതരണവും സ്റ്റുഡിയോയുടെ ഉദ്ഘാടനവും കേരള യൂത്ത് കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോം നിർവഹിച്ചു. സ്ത്രീകൾക്ക് അധികം വൈദഗ്ദ്ധ്യം ലഭിക്കാത്ത മേഖലയായ വീഡിയോ - ഓഡിയോ റെക്കാഡിംഗ്, ഷൂട്ടിംഗ് എഡിറ്റിംഗ്,അഡ്വർടൈസ്‌മെന്റ്, പ്രിന്റിംഗ് തുടങ്ങിയ മേഖലയിൽ ഒരു സ്റ്റാർട്ട് അപ്പ് പ്രോഗ്രാമായാണ് പദ്ധതി ലക്ഷ്യമിടുന്നത്. സ്റ്റുഡിയോയുടെ പൂർണ നടത്തിപ്പ് സ്ത്രീകളുടെ പങ്കാളിത്തത്തിലാണ്.
നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ എൻ.കെ. അനിതകുമാരി, ജെ. ജോസ് ഫ്രാങ്ക്ളിൻ, ഡോ.എം.എ.സാദത്ത്, കൗൺസിലർമാരായ പ്രസന്നകുമാർ, കൗൺസിലർ കൂട്ടപ്പന മഹേഷ്, നെയ്യാറ്റിൻകര നഗരസഭ വ്യവസായ വികസന ഓഫീസർ വിനോദ്.വി, ലൈഫ് ഫൗണ്ടേഷൻ ഡയറക്ടർ ബീനാമോൾ എസ്.ജി, ജീവോദയം ഗ്രൂപ്പ് പ്രസിഡന്റ് മിനിമോൾ എസ്.ജി, സെക്രട്ടറി കുമാരി.ഭൂമിക.എസ്.സലിം എന്നിവർ പങ്കെടുത്തു.