ആവാസ വ്യൂഹത്തിലൂടെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ സംവിധായകൻ ക്രിഷാന്ദ് പ്രകൃതിയെ വിട്ട് മനുഷ്യന് നിലനിൽപ്പില്ലെന്ന് പറയുന്നു

ക്രിഷാന്ദ്
കഴിഞ്ഞ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച 'ആവാസവ്യൂഹം" കണ്ടവരാരും സംസ്ഥാന സർക്കാരിന്റെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ആ ചിത്രത്തിന് കിട്ടിയതിൽ അത്ഭുതപ്പെടില്ല. ഒരു ഡോക്യുമെന്ററി ആയിപോകാവുന്ന വിഷയത്തെ അത്രമേൽ തന്മയത്വത്തോടെയാണ് ക്രിഷാന്ദ് ചലച്ചിത്രമാക്കിയത്. പുതുവൈപ്പിൻ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് പ്രകൃതിയെ വിട്ട് മനുഷ്യന് നിലനിൽപ്പില്ല എന്ന സന്ദേശം കൃത്യമായി പ്രേക്ഷകരിൽ എത്തിക്കുകയായിരുന്നു സംവിധായകൻ.
തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശിയായ ക്രിഷാന്ദ് മുംബയ് ഐ.ഐ.ടി അദ്ധ്യാപകനാണ്. മോഹൻദാസ് എൻജിനീയറിംഗ് കോളേജിലെ പഠനം കഴിഞ്ഞ് ഉപരിപഠനത്തിന് മുംബയിലെത്തിയ കൃഷാന്ദ് ഒപ്പം സിനിമയും പഠിച്ചു. ഹ്രസ്വ സിനിമകളിലൂടെയാണ് പയറ്റിത്തെളിഞ്ഞത്. 2019ൽ ഐ.എഫ്.എഫ്.കെയിലെ മത്സരവിഭാഗത്തിൽ ഇടംപിടിച്ച 'വൃത്താകൃതിയിലുള്ള ചതുരം" ആയിരുന്നു ആദ്യചിത്രം. ആവാസവ്യൂഹം രണ്ടാമത്തേതും.
കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത് പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തിയില്ലെങ്കിൽ സംഭവിക്കാവുന്ന ദുരന്തത്തെക്കുറിച്ച് വ്യക്തമായ ബോധം ക്രിഷാന്ദിനുണ്ട്. തന്റെ ബോദ്ധ്യങ്ങളെയാണ് അദ്ദേഹം സിനിമയാക്കുന്നത്. ക്രിഷാന്ദ് സംസാരിക്കുന്നു:
പുതുവൈപ്പിനിലേക്കും ആവാസവ്യൂഹത്തിലേക്കും എത്തി ചേർന്നത് എങ്ങനെയാണ് ?
ഒരു സൂപ്പർഹീറോ സിനിമയുണ്ടാക്കാനാണ് ശ്രമിച്ചത്. അയാൾ തന്നെയാണ് പ്രകൃതിയും, അയാൾ തന്നെയാണ് ഉഭയജീവിയും, അയാൾ തന്നെയാണ് വണ്ടുകളും അയാൾ തന്നെയാണ് എല്ലാം. അങ്ങനെയൊരു വിഷയമാണ് ആലോചിച്ചത്. അത് മൺട്രോത്തുരുത്തിന്റെ പശ്ചാത്തലത്തിലൊരുക്കാൻ നോക്കി. അപ്പോഴാണ് എന്റെ കോ പ്രെഡ്യൂസറായ ഷിൻശാന്ത് പുതുവൈപ്പിനിൽ പോകാമെന്നു പറഞ്ഞത്. അവിടെ ചെന്ന് അവിടത്തെ ആവാസവ്യവസ്ഥ കണ്ടു. അവിടെ ഷൂട്ട് നിശ്ചയിച്ചു. അപ്പോഴേക്കും പുതുവൈപ്പിനിലെ പ്രശ്നങ്ങളും അവിടുത്തെ ആവാസവ്യവസ്ഥ തകർന്നുകൊണ്ടിരിക്കുന്നതിനെ കുറിച്ചുമെല്ലാം കൂടുതൽ അടുത്തറിയാനായി . ആ പ്രശ്നം കൂടി വിശദമായി പറയണമെന്നു തോന്നി. അവിടുത്തെ സമരം കൂടി സിനിമയുടെ ഭാഗമായി. ആദ്യമെഴുതിയ കഥയാകെ മാറ്റിയെഴുതി. പ്ലാൻ ചെയ്ത സിനിമ നഷ്ടപ്പെടാതെ പുതുവൈപ്പിനിലെ പ്രശ്നങ്ങൾ കൂടി അതിൽ ഉൾക്കൊള്ളിച്ച് സിനിമ എടുക്കാൻ തീരുമാനിച്ചു.ഭാര്യ ശ്യാമയായിരുന്ന കലാസംവിധാനവും മേക്കപ്പും നിർവഹിച്ചത്.
ഇത്തരത്തിലുള്ള സിനിമകൾ ഇനിയും പ്രതീക്ഷിക്കാമോ?
ഇതുപോലുള്ള സിനിമകൾ എടുക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ഈ സിനിമയ്ക്ക് ഒരുപാട് ഗവേഷണവും മറ്റും വേണ്ടി വന്നു. വളരെ കഷ്ടപ്പെട്ടാണ് ഈ സിനിമ പൂർത്തിയാക്കിയത്. പറയാൻ ഉദ്ദേശിച്ചതിന്റെ പകുതിയേ പറഞ്ഞിട്ടുള്ളൂ.
പ്രകൃതിയെന്ന മായാലോകത്തിനെ പ്രതിനിധികരിക്കുന്ന ആളിലൂടെ സിനിമ മുന്നോട്ടു പോകുമ്പോൾ ഇതിനൊരു തുടർച്ചകൂടി വേണമെന്ന് ആലോചിച്ചിരുന്നു. ഇനി അതു നടക്കുമോ എന്നറിയില്ല. ഈ സിനിമയ്ക്ക് ഒരു ലക്ഷ്യമുണ്ട്. പരമാവധി പേരിലേക്ക് എത്തിക്കണം. എല്ലാവർക്കും ഇഷ്ടപ്പെടുന്ന മനസിലാകുന്ന ആഖ്യാനമാണ് ഈ സിനിമയ്ക്ക് നൽകിയിരിക്കുന്നത്. എന്നാലല്ലേ ഈ സിനിമയുടെ രാഷ്ട്രീയം ജനത്തിന് മനസിലാകുകയുള്ളൂ.
പുതുവൈപ്പിനിൽ എന്താണ് കണ്ടത്?
പുതുവൈപ്പിനിലെ ആളുകളോട് സംസാരിച്ചപ്പോൾ അവരെല്ലാം പറഞ്ഞത് ഈയൊരു പ്ലാന്റ് വരുന്നതുകൊണ്ട് അവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പാരിസ്ഥിതിക പ്രശ്നങ്ങളുമാണ്. അത് പൊട്ടിത്തെറിച്ചാൽ ഒരു ദേശത്തെ ജനത മുഴുവൻ നശിച്ചുപോകും എന്ന ആശങ്കയും അവർ പങ്കുവച്ചു.ഇത്രയും ജനസാന്ദ്രതയുള്ള പ്രദേശത്ത് ഈയൊരു പ്ലാന്റ് പ്രശ്നം തന്നെ എന്നെനിക്കും തോന്നി. മതിലുകെട്ടി അടച്ചതിനാൽ മത്സ്യത്തൊഴിലാളികൾക്ക് മീൻ പിടിക്കാൻ പോകാനും കഴിയുന്നില്ല. അവരുടെ ജീവിത ശൈലി മാറുമെന്ന ആശങ്കയും ശരിയാണെന്നു ബോദ്ധ്യപ്പെട്ടു. ഞാൻ നർമ്മദാ ബച്ചാവോ ആന്തോളനെ കുറിച്ച് വാട്ടർബോഡീസ് എന്നൊരു ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്. അവിടെ ഡാം കെട്ടിയതുകാരണം ജനത്തിനുണ്ടായ വിഷമങ്ങളെ കുറിച്ചായിരുന്നു ആ ഡോക്യുമെന്ററി. ജീവന്റെ സുരക്ഷാ പ്രശ്നമാണ് പുതുവൈപ്പിനിൽ ഉള്ളത്.
പരിഹാരം എന്താണ് ?
സർക്കാരും ജനനായകരുമായി ക്രിയാത്മകമായി ചർച്ച ചെയ്ത് പരിഹാരം ഉണ്ടാക്കണം. പക്ഷെ, അതുണ്ടാകുന്നില്ല. കുറച്ചു നാൾ മുമ്പ് അവിടെ 144 പ്രഖ്യാപിച്ചു.നമ്മുടേത് ഇടതു സർക്കാരല്ലേ. മനുഷ്യരുടെ വശത്തു നിൽക്കുന്നതല്ലേ ഇടതുരാഷ്ട്രീയം. പക്ഷെ, അവിടുത്തെ സമരം അടിച്ചമർത്തപ്പെടുകയാണ് ചെയ്യുന്നത്.
ആവാസവ്യൂഹം സംസ്ഥാന അവാർഡിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
ഐ.എഫ്.എഫ്.കെ അവാർഡ് ലഭിച്ചപ്പോൾ എനിക്ക് എന്റെ സിനിമയിൽ ഒരു ആത്മവിശ്വാസം വന്നു. പക്ഷെ, മികച്ച സിനിമയാകുമെന്ന പ്രതീക്ഷയില്ലായിരുന്നു. എഡിറ്റിംഗിനോ സിനിമാട്ടോഗ്രാഫിക്കോ അങ്ങനെ ഏതെങ്കിലും ടെക്നിക്കൽ അവാർഡ് ലഭിക്കുമെന്നാണ് കരുതിയത്. അതിനപ്പുറം പ്രതീക്ഷയില്ലായിരുന്നു. അവാർഡുകളെ കുറിച്ച് സ്വപ്നം കണ്ടതുമില്ല. മാത്രമല്ല, ധാരാളം സിനിമകൾ മത്സരിക്കാനുണ്ടായിരുന്നു. അതിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ് ജോജി, അതുപോലെ എനിക്കിഷ്ടപ്പെട്ട ഒന്നാണ് ചവിട്ട്. പിന്നെ വളരെ രസകരമായി തോന്നിയ സിനിമയാണ് നായാട്ട്. പിന്നെ ചുരുളിയും ഇതിനോടൊക്കെ മത്സരിച്ച് ആവാസവ്യൂഹം ഒന്നാമതായി കയറി വരുമെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു.

ഹോം സിനിമ കണ്ടിരുന്നോ?ഹോം കണ്ടില്ല. കാണണം. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞ സിനിമയാണ്. ഇന്ദ്രൻസ് അങ്കിൾ പ്രതിഭാശാലിയായ നടനാണ്. എന്റെ ഫ്രണ്ട് മഹിജയുടെ അച്ഛനാണ്. ഈ സിനിമ ഒ.ടി.ടിയിൽ വന്നപ്പോൾ എനിക്ക് സുഖമില്ലായിരുന്നു. ഉടനെ കാണണം.
സിനിമാ അവാർഡ് വിവാദത്തെ കുറിച്ച്?
അവാർഡ് വിവാദത്തെ കുറിച്ച് ബോധവാനല്ല. വിവാദത്തെ കുറിച്ച് ചിന്തിക്കുന്നുമില്ല.
അടുത്ത സിനിമയും പ്രകൃതിയുമായി ബന്ധപ്പെട്ടതാണോ?
ചെല്ലാനത്തെ പ്രശ്നത്തെ കുറിച്ച് ഒരു ഡോക്യുമെന്ററി തുടങ്ങിവച്ചു. അതു പൂർത്തിയാക്കണം. ക്രയവിക്രയ പ്രക്രീയ എന്നപേരിലൊരു വെബ്സീരിസ് ചെയ്യുന്നുണ്ട്. അതുപോലെ തിരുവനന്തപുരത്തെ ചെറിയ ഗ്യാംഗിനെ കുറിച്ചുള്ള പരമ്പരയും പ്ലാൻ ചെയ്യുന്നുണ്ട്.
കെ. റെയിലിനെക്കുറിച്ച് എന്തു പറയുന്നു?
കെ.റെയിലുമായി സർക്കാർ മുന്നോട്ടു പോകുന്നതിനു മുമ്പ് കൂടുതൽ ശാസ്ത്രീയ പഠനം വേണം. കൂടുതൽ ചർച്ചകൾ വേണം. കെ.റെയിലിന്റെ ആശയം നല്ലതാണ്. പക്ഷെ, ഇപ്പോഴത്തെ നിലയിൽ അതുണ്ടാക്കുന്ന പാരിസ്ഥിതിക നാശം ഭീകരമാണ്. അതുണ്ടാക്കാത്ത നിലയിലുള്ള പഠനമാണ് വേണ്ടത്. ഇപ്പോഴത്തെ റിപ്പോർട്ടുകൾ ഭൂരിപക്ഷം പേർക്കും സ്വീകരിക്കാൻ പറ്റുന്നതല്ലല്ലോ. അതുകൊണ്ടാണ് ശാസ്ത്രീയ പഠനം വേണമെന്ന് പറയുന്നത്. ഇത്രത്തോളം റിസ്ക് എടുക്കുമ്പോൾ നമ്മുക്ക് കിട്ടുന്ന നേട്ടം എന്തെന്നു കൂടി ചിന്തിക്കണം. കാലാവസ്ഥാ മാറ്റം പരിഗണിക്കണം. ശാസ്ത്രീയപഠനം നടത്തിയിട്ട് അതിന്റെ ഫലം നാട്ടുകാരെ കൂടി ബോദ്ധ്യപ്പെടുത്തണം. അതുവേണോ വേണ്ടയോ എന്ന തിരഞ്ഞെടുപ്പ് അവർക്ക് കൂടി നൽകണം.
(ലേഖകന്റെ ഫോൺ : 9946108429)