മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ആദ്യമായി ലഭിച്ചതിന്റെ ആഹ്ലാദത്തിൽ രേവതി

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച വിവരം അറിയുമ്പോൾ കജോളിനെ നായികയാക്കി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം സലാം വെങ്കിയുടെ എഡിറ്റിംഗ് ജോലിയിൽ പോണ്ടിച്ചേരിയിലായിരുന്നു രേവതി.
പോണ്ടിച്ചേരി ആദിശക്തി തിയേറ്റർ ഗ്രൂപ്പിന്റെ മേൽനോട്ടം വഹിക്കുന്ന സുഹൃത്ത് വിനയ് ആണ് ആ സന്തോഷവാർത്ത അറിയിച്ചത്. അത്ര ഗൗരവത്തിൽ ഉൾക്കൊള്ളാതെ രേവതി എഡിറ്റിംഗ് ജോലിയിൽ മുഴുകി. വൈകിട്ട് ആറുമണി കഴിഞ്ഞപ്പോൾ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡാണല്ലോ തനിക്ക് ലഭിച്ചതെന്ന് തിരിച്ചറിഞ്ഞതോടെ ആഹ്ളാദം അടക്കാനായില്ല. ഇൻബോക്സിൽ അഭിനന്ദനങ്ങൾ നിറഞ്ഞു. ദേശീയ പുരസ്കാരം മൂന്നുതവണ ലഭിച്ച രേവതി ഭൂതകാലം എന്ന സിനിമയിലൂടെയാണ് മികച്ച നടിക്കുള്ള സംസ്ഥാന അംഗീകാരം ആദ്യമായി കരസ്ഥമാക്കുന്നത്. വെള്ളിത്തിരയിലെ അരങ്ങേറ്റം മുതൽ പ്രേക്ഷകരുടെ ഹൃദയാംഗീകാരം നേടിയ രേവതി ആദ്യമായി ലഭിച്ച സംസ്ഥാന അവാർഡിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
അഭിനയയാത്ര നാലു പതിറ്റാണ്ടെത്തുമ്പോൾ ആദ്യ സംസ്ഥാന പുരസ്കാരം?
ഒരുപാട് സന്തോഷമുണ്ട്. എന്നേക്കാൾ സന്തോഷിച്ച സുഹൃത്തുക്കളുണ്ട്.എത്രയോ വർഷമായി വിളിക്കാത്ത സുഹൃത്തുക്കൾ അഭിനന്ദിച്ചപ്പോഴാണ് ഏറ്റവും വലിയ സന്തോഷം. എന്നെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ എനിക്ക് അവാർഡ് ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. 'കാറ്റത്തെ കിളിക്കൂട്" മുതൽ ഇവിടെ വരെ ഗംഭീരയാത്രയായിരുന്നു. എനിക്ക് ഇഷ്ടപ്പെട്ട സിനിമകളും കഥാപാത്രങ്ങളും ചെയ്തു. ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാം കൂടി നല്ല യാത്രയായിരുന്നു. ഇതു വരെ എത്താൻ കഴിഞ്ഞതിൽ സന്തോഷവതിയാണ്.
അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ ?
നല്ല സിനിമകളും മികച്ച പ്രകടനവുമായി ഒരുപാട് പേർ ഉണ്ടായതിനാൽ പ്രതീക്ഷിച്ചില്ല. മുൻപ് ഒന്നുരണ്ടു തവണ പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷിക്കാതിരുന്നപ്പോൾ ലഭിച്ചു.ജൂറിയുടെ തീരുമാനമാണ് പ്രധാനം. അവാർഡിന് പരിഗണിക്കുമ്പോൾ ഒരാൾക്ക് ഇഷ്ടപ്പെടാം, വേറൊരാൾക്ക് ഇഷ്ടപ്പെടാതിരിക്കാം. ഭൂതകാലത്തിലൂടെ അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്. അവാർഡിനു വേണ്ടി ഇതേവരെ സിനിമ ചെയ്തിട്ടില്ല. തിരക്കഥയും ഒപ്പം പ്രവർത്തിക്കുന്നവരെയും ഇഷ്ടപ്പെട്ടാൽ ചെയ്യും. എനിക്കു വേണ്ടിയാണ് ഞാൻ സിനിമ ചെയ്യുന്നത്. രാഹുൽ സദാശിവൻ എന്ന സംവിധായകന്റെ മേക്കിംഗ് രീതിയാണ് ഭൂതകാലത്തിന്റെ മികവിന് പ്രധാന കാരണം. നിർമ്മാതാവ് അൻവർ റഷീദ്, ഷെഹനാദിന്റെ ഛായാഗ്രഹണം, ഗോപിസുന്ദറിന്റെ സംഗീതം ഷെയ്നും ഞാനും തയാറെടുപ്പിൽ ചെയ്ത ചില സീനുകൾ. എല്ലാം കൂടി ചേരുന്നതാണ് അവാർഡ്.
ഭൂതകാലത്തിലെ ആശയുടെ ഒറ്റപ്പെടലും മാനസിക സംഘർഷങ്ങളും എല്ലാം,കൃത്യമായി പകരാൻ എങ്ങനെ സാധിച്ചു?
നൂറുശതമാനം ആത്മാർത്ഥതയോടെയാണ് എല്ലാ സിനിമയും ചെയ്യുന്നത്. മനസിന് സംതൃപ്തി ലഭിക്കുന്നതിനു വേണ്ടിയാണ് അഭിനയിക്കുന്നത്. സിനിമ നന്നായി ഓടിയാൽ സന്തോഷം. അതു മുന്നിൽ കണ്ടാണ് സിനിമകൾ ചെയ്യുന്നത്. തിരക്കഥ ഇഷ്ടപ്പെട്ടപ്പോൾ കഥാപാത്രമായി മാറുന്നതിന് ആശയോടൊപ്പം സഞ്ചരിക്കാൻ ശ്രമിച്ചു. പിന്നെ എനിക്കു ലഭിച്ചത് ഗംഭീരമായ തുടക്കമായിരുന്നു. ഭാരതിരാജയിൽ നിന്നു തുടങ്ങി ഭരതൻസാർ, ബാപ്പുസാർ, മഹേന്ദ്രൻ എന്നിവരോടൊപ്പം പല ഭാഷകളിൽ തുടക്കത്തിൽതന്നെ നാലഞ്ചു സിനിമകൾ ചെയ്യാൻ സാധിച്ചു. അത്ര ഗംഭീരം തുടക്കം ലഭിക്കുമ്പോൾ ഞാൻ അഭിനയിച്ചില്ലെങ്കിൽ ശരിയാകില്ല. അഭിനയത്തോട് അത്രമാത്രം ഇഷ്ടം തോന്നി വന്ന ആളാണ് . ജീവിതത്തിൽ കണ്ടുമുട്ടുന്ന ആളുകളിലൂടെയും നമ്മുടെ ചില സാഹചര്യങ്ങളിലൂടെയും കടന്നുപോവുമ്പോൾ ഇനിയും നല്ല നടി എന്ന നിലയിലേക്ക് രൂപം പ്രാപിക്കാൻ സഹായിക്കുന്നു. അതുകൊണ്ടു കൂടിയാണ് ഭൂതകാലത്തിലെ ആശ എന്ന കഥാപാത്രമായി മാറാൻ കഴിഞ്ഞത്.
മലയാളത്തിൽ ഫീച്ചർ സിനിമ എപ്പോൾ സംഭവിക്കും?
മിത്ര് മൈ ഫ്രണ്ട് ഇംഗ്ളീഷിലും ഫിർ മിലേങ്കെ ഹിന്ദിയിലുയിരുന്നു. മൂന്നാമത്തെ ഫീച്ചർ ചിത്രം സലാം വെങ്കിയും ഹിന്ദിയിൽ. കേരള കഫേയിൽ ആന്തോളജി ചിത്രം മകൾ ചെയ്തിരുന്നു. എനിക്ക് അറിയില്ല സംവിധാനം ചെയ്യുന്ന മലയാള ചിത്രം എപ്പോൾ സംഭവിക്കുമെന്ന്. ഒന്നും തീരുമാനിച്ചിട്ടില്ല.
ആശ കേളുണ്ണി എന്ന് വിളിക്കുന്നവരാണോ അധികവും?
എന്റെ അച്ഛനിലൂടെയും അമ്മയിലൂടെയും എന്നെ അറിയുന്നവരും, സ്കൂൾ കൂട്ടുകാരും പിന്നെ ചില സുഹൃത്തുക്കൾക്കും ഞാൻ ആശയാണ്. സിനിമയിലൂടെ എന്നെ അറിയുന്നവർ രേവതി എന്നു വിളിക്കുന്നു. ആശ എന്നു വിളിക്കുന്നവരാണോ രേവതി എന്നു വിളിക്കുന്നവരാണോ കൂടുതൽ എന്നതിന് അർത്ഥമില്ല എന്നു തോന്നുന്നു. രണ്ടുപേരും ഒരാളാണ്. രണ്ടുപേരുകളെയും ഞാൻ ബഹുമാനിക്കുന്നു. അച്ഛനും അമ്മയും എനിക്കു തന്ന പേരും ഭാരതിരാജ സാർ എനിക്കു തന്ന പേരും ആദരവോടെ കാണാനാണ് താത്പര്യം.