പാറശാല: മാത‌ൃകാ ആശുപത്രിയെന്ന് അറിയപ്പെടുന്ന പാറശാല താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ചികിത്സ കിട്ടണമെങ്കിൽ അല്പമൊന്ന് വലയും. ഇവിടുത്തെ ഒ.പികളും ക്വാഷ്വാലിറ്റിയും മറ്റ് അനുബന്ധ പരിശോധനാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത് പല കെട്ടിടങ്ങളിലായാണ്. ഒ.പികൾ പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ച് മാറ്റി പുതിയ ബഹുനില മന്ദിരം നിർമ്മിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് രോഗികളെയും ഒപ്പം വരുന്നവരെയും നെട്ടോട്ടമോടിക്കുന്നത്. മഴയത്താണ് ഇവിടെ എത്തുന്നതെങ്കിൽ രോഗിയും കൂടെ എത്തുന്നവരും അനുഭവിക്കേണ്ട യാതനകൾ പറയുകയും വേണ്ട. പാറശാലയിലും സമീപ പ്രദേശങ്ങളിൽ നിന്നുമായി പ്രതിദിനം ആയിരത്തിഅഞ്ഞൂറിൽ പരം രോഗികൾ എത്താറുള്ള മാതൃകാ ആശുപത്രിയെന്നറിയപ്പെടുന്ന പാറശാല താലൂക്ക് ആശുപത്രിയിലാണ് ഇപ്പോൾ രോഗികൾ എത്തിയാൽ വട്ടം കറങ്ങേണ്ടി വരുന്നത്.

നിർമ്മാണം നടക്കുന്ന പുതിയ ബഹുനില മന്ദിരത്തിന്റെ ഇരുവശത്തുമുള്ള കെട്ടിടങ്ങളിലാണ് കാഷ്വാലിറ്റി, മെഡിസിൻ, ഓർത്തോ, പീഡിയാട്രിക്, ഐ എക്‌സ്‌റേ,സ്കാനിംഗ് എന്നിവ പ്രവർത്തിക്കുന്നത്. കാഷ്വാലിറ്റിയിൽ എത്തുന്ന ഒരു രോഗിക്ക് എക്സറേയോ സ്കാനിംഗോ വേണ്ടിവന്നാൽ പെട്ടതുതന്നെ. രോഗിയെ വിൽചെയറിന്റെയോ ട്രച്ചറിന്റെയോ സഹായത്താൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലൂടെ കൊണ്ടുപോകണം. അല്ലെങ്കിൽ ആശുപത്രിക്ക് പുറത്തിറക്കി മറ്റ് വാഹനത്തിൽ മറുവശത്തെ ഗേറ്റ് വഴി കറങ്ങി വേണം പോകാൻ. എന്നിട്ടും തീർന്നില്ല,​ ഒ.പിയിലെ പരിശോധനയ്ക്ക് ശേഷം വിദഗ്ദ്ധ പരിശോധനകൾ വേണ്ടി വന്നാൽ ആശുപത്രിയുടെ മുന്നിൽ പ്രവർത്തിക്കുന്ന പ്രത്യേക കൗണ്ടറിൽ പണമടച്ച് തിരിച്ച് എത്തണം. പരിശോധനകളെല്ലാം കഴിഞ്ഞ് മരുന്ന് വാങ്ങാൻ ആശുപത്രി ഓഫീസ് കെട്ടിടത്തിന് പുറകിലത്തെ ഫാർമസിയിൽ എത്തണം. രോഗിയുമായി ഒരാൾ മാത്രമാണ് വരുന്നതെങ്കിൽ ത്രിശങ്കുവിലാകും.

ആശുപത്രിയിലെ വിവിധ ഡിപ്പാർട്ടുമെന്റുകൾ എവിടെയൊക്കയാണ് പ്രവർത്തിക്കുന്നതെന്ന് അറിയാൻ ഒരു മുന്നറിയിപ്പ് ബോർഡും ഇവിടെ സ്ഥാപിച്ചിട്ടില്ല. രോഗികളുടെ സഹായത്തിന് ഇൻഫർമേഷൻ കൗണ്ടറും ഇവിടെയില്ല. ആരോടെങ്കിലും ചോദിച്ചറിഞ്ഞുവേണം എത്താൻ വഴിയൊന്ന് തെറ്റിയാൽ മഴയത്തായാലും വെയിലത്തായാലും അനുഭവിക്കുകയേ വഴിയുള്ളു.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെയും നില തുടരുമെന്നും രോഗികളും മറ്റും ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരുമെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന മറുപടി. അങ്ങനെ വരുന്ന പക്ഷം അടുത്ത ഒന്നര വർഷത്തോളം പാറശാല ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവർ ചികിത്സകഴിഞ്ഞ പോകാൻ അല്പമൊന്ന് വിയർക്കും.