
ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ കോഴോട് – മണ്ണാംകുളം റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. റോഡ് ഗതാഗതയോഗ്യമല്ലാതായി മാറിയിട്ട് വർഷങ്ങളായി. ഒരു വാഹനവും കടന്നുപോകാൻ കഴിയാത്തവിധം റോഡിലെ ടാർ പൂർണമായി ഒലിച്ചുപോയി കുണ്ടും കുഴിയും രൂപപ്പെട്ടിരിക്കുകയാണ്. നാട്ടുകാർ പരാതി അറിയിച്ചിട്ടും പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. കോഴോട് ബൈ റോഡായ മണ്ണാംകുളം റോഡിനെ കാലങ്ങളായി അധികൃതർ അവഗണിക്കുകയാണ്. വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാരാണ് ഇതുവഴി ദിവസവും സഞ്ചരിക്കുന്നത്. രാത്രികാലങ്ങളിൽ രോഗികളെ സമീപ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തവിധം റോഡ് ശോച്യാവസ്ഥയിലാണ്. അറ്റകുറ്റപണികൾ നടത്തി റോഡ് എത്രയും വേഗം ടാറിട്ട് ഗതാഗതയോഗ്യമാക്കണമെന്ന് ജനതാദൾ(എസ്) ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കോട്ടുകാൽക്കോണം മണി ആവശ്യപ്പെട്ടു.