dr-c-ramakrishnan-nair

വിദ്യാഭ്യാസത്തിന്റെ ശക്തി കൊണ്ട് ലോകത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവരാണ് ദേശഭേദങ്ങളില്ലാത്ത അദ്ധ്യാപകർ. അദ്ധ്യാപകരുടെ അദ്ധ്യാപകൻ എന്ന് ഖ്യാതി നേടിയിട്ടുള്ള നമ്മുടെ മുൻ രാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണൻ തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. തിരുവനന്തപുരം നഗരത്തിലുമുണ്ട് ഇത്തരത്തിൽ വിശ്രുതനായ ഒരു നിയമാദ്ധ്യാപകൻ.

പകരം വയ്ക്കാനില്ലാത്ത അദ്ധ്യാപനകലയുടെ, ശ്രേഷ്ഠമായ കർമ്മകാണ്ഡത്തിന്റെ ഉദാത്തമായ നാമമാണ് ഡോ.സി.രാമകൃഷ്ണൻ നായർ (സി.ആർ.കെ നായർ). ഏത് അർദ്ധരാത്രിയിലും വിളിച്ചുണർത്തി ചോദിച്ചാൽ നിയമ വിഷയങ്ങളിൽ ഏതു സംശയവും ഏതു നിയമ വിദ്യാർത്ഥിക്കും വ്യക്തമായി പറഞ്ഞു കൊടുക്കുന്ന ഗുരുക്കന്മാരുടെ ശ്രേണിയിൽ പകരം വയ്ക്കാനില്ലാത്ത അദ്ധ്യാപകൻ. ഇരുന്നൂറിൽപ്പരം ജൂഡിഷ്യൽ ഓഫീസർമാർ ഉൾപ്പെടെ നിയമ മേഖലയിൽ പ്രവർത്തിക്കുന്ന അനേകം പേരുടെ ഗുരുവായ ഡോ.സി.രാമകൃഷ്ണൻ നായർ തന്റെ കർമ്മകാണ്ഡത്തിൽ സദാ വ്യാപൃതനാണ്. ഒരു നിയമ ബിരുദവും ഡോ.സി.രാമകൃഷ്ണൻ നായരുമുണ്ടെങ്കിൽ ആർക്കും മുൻസിഫ് മജിസ്‌ട്രേറ്റോ, ജില്ലാ ജഡ്ജിയോ ഒക്കെയാകാമെന്ന് അനുഭവങ്ങളിലൂടെ ബോദ്ധ്യപ്പെടുത്തിത്തന്നയാളാകുന്നു ഡോ.സി.ആർ.കെ നായർ.

പക്ഷേ പഠിതാവിന് അർപ്പണ ബോധവും, പഠിത്തത്തോട് സത്യസന്ധമായ ആത്മാർത്ഥതയും, ഉത്കടമായ അഭിവാഞ്ജയും ലക്ഷ്യബോധവും കൂടി വേണമെന്ന് രാമകൃഷ്ണൻ സർ അപ്പറഞ്ഞതിനെ തിരുത്തും. ആരോഗ്യ വകുപ്പിൽ ക്ലാർക്ക് ആയിരിക്കെ കേരള ലോ അക്കാഡമിയിൽ സായാഹ്ന വിദ്യാഭ്യാസം ചെയ്ത്, കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് രണ്ടാം റാങ്കോടെ നിയമ ബിരുദവും കരസ്ഥമാക്കി സെകട്ടറിയേറ്റിലെ നിയമ വകുപ്പിൽ എത്തി ദീർകാലത്തെ സേവനത്തിന് ശേഷം അഡിഷണൽ സെക്രട്ടറിയായി വിരമിച്ചയാളാണ് ഡോ.സി.ആർ.കെ നായർ.

നിയമ നിർമ്മാണവുമായി ബന്ധപ്പെട്ട് അദ്ദേഹം കൈവച്ച ഫയലുകളെല്ലാം ചരിത്ര രേഖകളാണ്. വക്കീൽ പരീക്ഷ വിജയിച്ച് ഇനിയെന്ത് എന്ന് ചിന്തിക്കുന്നവർക്ക്, ഇനിയുമൊട്ടേറെ ചെയ്യുവാനുണ്ടെന്ന് ഓരോരുത്തരെയും ബോദ്ധ്യപ്പെടുത്തുന്ന വഴികാട്ടിയാണ് അദ്ദേഹം. 2005ലാണ് അദ്ദേഹം മുൻസിഫ് മജിസ്‌ടേറ്റ് കോച്ചിംഗ് ക്ലാസ് ആരംഭിക്കുന്നത്. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽപ്പെട്ട അസംഖ്യം ആളുകൾ കേരള ജുഡീഷ്യറിയിൽ മുൻസിഫ് മജിസ്‌ട്രേറ്റ്, സബ് ജഡ്‌ജി,ജില്ലാ ജഡ്‌ജി എന്നീ പദവികളിൽ സേവന രംഗത്തുണ്ട്. ദിനംപ്രതി മാറുന്ന നിയമങ്ങൾക്കനുസൃതമായി അവയെല്ലാം കൃത്യമായി പഠിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുകയും നോട്ടുകൾ അപ്‌ഡേറ്റ് ചെയ്തു നൽകുകയും ചെയ്യുന്നതിൽ രാമകൃഷ്ണൻ നായർ എന്ന അദ്ധ്യാപകന് പ്രത്യേക പാടവമുണ്ട്.

പരീക്ഷയ്ക്ക് ഒരാഴ്ച മുമ്പും മാറുന്ന നിയമങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് അദ്ദേഹം വിദ്യാർത്ഥികളെ പഠിപ്പിക്കും. നോട്ടുകൾ അപ്‌ഡേറ്റ് ചെയ്ത് അവരെ നേരിട്ട് വിളിച്ച് അറിയിക്കും. അതു കൊണ്ടു തന്നെ ഇദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ എല്ലാവരും അധ്യാപകന്റെ അതേ സൂക്ഷ്മത വച്ചുപുലർത്തി പരീക്ഷയെഴുതി ഉന്നത വിജയം കരസ്ഥമാക്കുന്നു.
നിയമ സംബന്ധമായ ഏതു പരീക്ഷയ്ക്കും സിലബസിൽ ഉൾപ്പെടുന്ന നിയമ വിഷയങ്ങൾ ഇഴകീറിയുളള പഠന രീതി വിദ്യാർത്ഥികളെ തെല്ലൊന്നുമല്ല സ്വാധീനിക്കുന്നത്. ഡോ.രാമകൃഷ്ണൻ സാറിനും അദ്ദേഹത്തെ അദ്ധ്യാപനത്തിൽ സഹായിക്കുന്ന അഡ്വ.റാം മോഹനും വിദ്യാർത്ഥികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നന്നായറിയാം. രാമകൃഷ്ണൻ സാറിന്റെ ക്ലാസിൽ എത്തുന്ന ഏതൊരാൾക്കും നിയമവുമായി ബന്ധപ്പെട്ട ഏതെങ്കിലും തൊഴിൽ ലഭിക്കുമെന്നത് ഉറപ്പാണ്. ബാങ്ക് ലോ ഓഫീസർ, അസി.പബ്ലിക് പ്രോസിക്യൂട്ടർ, ലേബർ ഓഫീസർമാർ, സെയിൽസ് ടാക്സ് ഓഫീസർമാർ, ഗവ.സെക്രട്ടേറിയറ്റിലെ നിയമ വകുപ്പ് ലീഗൽ അസിസ്റ്റന്റ് എന്നിങ്ങനെ ഏതുമാകാം.
പ്രിലിമിനറി, ഫൈനൽ,ഇന്റർവ്യൂ എന്നിങ്ങനെ മുൻസിഫ് പരീക്ഷയ്ക്ക് മൂന്ന് കടമ്പകളാണ്. 35 ഓളം നിയമങ്ങൾ വിദ്യാർത്ഥി പഠിക്കണം. രാമകൃഷ്ണൻ സർ പഠിപ്പിക്കുന്നതെന്തും ഗ്രഹിക്കാൻ ഒരു പ്രയാസവും ഉണ്ടാകില്ല എന്ന് വിദ്യാർത്ഥികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ദൈവത്തിന്റെ കൈയ്യൊപ്പു പതിഞ്ഞ പ്രത്യേക അനുഗ്രഹ സിദ്ധിയുള്ള വ്യക്തിത്വമാണ് അദ്ദേഹമെന്നും വിശ്രമമില്ലാത്ത അധ്വാനവും ആത്മാർത്ഥയുമാണ് ഈ നിലയിലേക്കുള്ള അദ്ദേഹത്തിന്റെ ഉയർച്ചയ്ക്ക് കാരണമെന്നും വിദ്യാർത്ഥികൾ വിശ്വസിക്കുന്നു,സാക്ഷ്യം പറയുന്നു. പുലർച്ചെ മൂന്നരയോടെ ഉണരുന്ന രാമകൃഷ്ണൻ സർ പതിവ് വ്യായാമത്തിനു ശേഷം ദിനചര്യകൾ പൂർത്തിയാക്കി ഏറ്റവും അടുത്ത കോടതി വിധികളും മറ്റും വായിച്ച് കൃത്യം അഞ്ചേമുക്കാലിന് ഓൺലൈൻ ക്ലാസിൽ എത്തും. അത് 8 മണി വരെ നീളും.

സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായുള്ള നിയമബിരുദധാരികൾ അദ്ദേഹത്തിന്റെ ക്ലാസിൽ പങ്കെടുക്കുന്നു. മുമ്പ് ഓഫ് ലൈൻ ക്ലാസ്സുകളായിരുന്നു നടന്നിരുന്നതെങ്കിൽ കൊവിഡ് തുടങ്ങിയതോടെ അത് ഓൺലൈൻ ക്ലാസ്സായി. ഇപ്പോഴും അത് അനുസ്യൂതം തുടരുന്നു. ഒരു വിട്ടു വീഴ്ചയും കൂടാതെ ഓരോ പഠിതാവിനും നോട്ടുകൾ കൃത്യമായി വീട്ടിൽ എത്തും. ടെസ്റ്റ് പേപ്പർ കൃത്യമായി നടത്തും. അത് എഴുതാത്തവർക്ക് ശകാരം ഉറപ്പാണ്.

ഓരോ വിദ്യാർത്ഥിയും ദിവസവും രണ്ട് മണിക്കൂർ നേരം മനസിരുത്തി അർപ്പണ ബോധത്തോടെ പഠനത്തിൽ മുഴുകണമെന്ന് രാമകൃഷ്ണൻ സർ ഉപദേശിക്കുന്നു. സുപ്രീം കോടതി, ഹൈക്കോടതികളിലെ പുതിയ വിധിന്യായങ്ങൾ,ദിവസം ഒന്നു വച്ചെങ്കിലും വായിച്ചു പഠിക്കണമെന്നും അങ്ങനെയെങ്കിൽ വർഷം 365 കേസുകളുടെ പുതിയ വിധിന്യായ പഠനം സാധ്യമാകുമെന്നും വിദ്യാർത്ഥികളെ രാമകൃഷ്ണൻ സർ ഓർമ്മപ്പെടുത്തുന്നു. തന്റെ ക്ലാസിനെത്തുന്ന പാവപ്പെട്ടവർക്ക് ഫീസ് സൗജന്യവും സർ ഉറപ്പാക്കുന്നു. അദ്ദേഹം പഠിപ്പിച്ച അനേകം നിയമ വിദ്യാർത്ഥികൾ മുൻസിഫ് മജിസ്‌ട്രേറ്റുമാരായും, കുറച്ചു പേർ സബ് ജഡ്ജിമാരായും,ജില്ല ജഡ്ജിമാരായും വിവിധ കോടതികളിൽ ഇന്ന് സേവനമനുഷ്ഠിക്കുന്നു.

ഇപ്പോൾ സബ് ജഡ്ജിമാരായി സേവനമനുഷ്ഠിക്കുന്ന ഒട്ടേറെ പേർ അടുത്ത ജില്ല ജഡ്ജിമാരുടെ ലിസ്റ്റിലാണ്. ഈ വർഷം ജുഡീഷ്യൽ ഓഫീസർ ആയവരിൽ ഇരുപത്തിരണ്ടു പേർ രാമകൃഷ്ണന്റെ ശിഷ്യരാണ്. എല്ലാ വർഷവും ജുഡിഷ്യൽ സർവീസ് പ്രിലിമിനറി ഫൈനൽ പരീക്ഷകളിൽ ഒന്നാം റാങ്ക് കരസ്ഥമാക്കുന്നതും അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ തന്നെ.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, കേരള ലോ അക്കാഡമിയിൽ നിന്നും എൽ.എൽ.ബി, എൽ.എൽ.എം ബിരുദങ്ങൾ റാങ്കോടെയും,തിരുവനന്തപുരം ലോ കോളേജിൽ നിന്നും ഇന്റർനാഷണൽ ലോയിൽ എൽ.എൽ.എമ്മും നേടിയ രാമകൃഷ്ണൻ ലണ്ടൻ ആസ്ഥാനമായ കോമൺ വെൽത്ത് ഫൗണ്ടേഷന്റെ സ്‌കോളർഷിപ്പോടുകൂടി വെസ്റ്റ് ഇൻഡീസ് യൂണിവേഴ്സിറ്റിയിൽ നിയമ നിർമ്മാണത്തിൽ ഉപരിപഠനവും നടത്തിയിട്ടുണ്ട്.1989 ൽ ഇന്ത്യയിൽ നിന്ന് അതിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയും,നിയമ നിർമ്മാണത്തിൽ കേരളത്തിൽ നിന്നും വിദേശ പരിശീലനം നേടിയിട്ടുള്ള ഏകവ്യക്തിയും അദ്ദേഹമാണ്.

ബഹുമാന്യ നിയമജ്ഞനും സുപ്രീം കോടതി ജഡ്ജിയുമായിരുന്ന വി.ആർ.കൃഷ്ണയ്യർ അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണക്കായി ഏർപ്പെടുത്തിയിട്ടുള്ള 'രാമ അയ്യർ മെമ്മോറിയൽ ഗോൾഡ് മെഡൽ' , കല്ലൻ മെമ്മോറിയൽ ലോ പ്രൈസ്,യൂണിവേഴ്സിറ്റി മെഡൽ എന്നിവയ്ക്കും രാമകൃഷ്ണൻ അർഹനായിട്ടുണ്ട്. ലേബർ കോർട്ട് വിധികളെപ്പറ്റി അദ്ദേഹം നടത്തിയ പഠനത്തിന് കേരള യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡോക്ടറേറ്റും അദ്ദേഹത്തിന് സ്വന്തം.

ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക് ഗവർണർ, കേരള ലജിസ്‌ലേറ്റീവ് അസംബ്ലിയുടെ കീഴിലുള്ള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പാർലമെന്ററി സ്റ്റഡീസ് ഗവേണിംഗ് ബോഡി അംഗം എന്നിങ്ങനെ നീളുന്നു അദ്ദേഹം കൈവെച്ച മേഖലകൾ. ഒരു മനുഷ്യായുസിൽ ചെയ്യാൻ കഴിയുന്നതിനപ്പുറം തന്റെ സേവനമേഖല വിശാലമാക്കിയിട്ടും ബാക്കി നിൽക്കുന്ന ഒരു സ്വപ്നം കൂടിയുണ്ട് രാമകൃഷ്ണൻ സാറിന്. ഇന്ത്യയിൽ,കുറഞ്ഞ പക്ഷം കേരളത്തിൽ എങ്കിലും വെസ്റ്റ് ഇൻഡീസ് യൂണിവേഴ്സിറ്റിയിലേതു പോലെ നിയമനിർമ്മാണത്തിൽ ലജിസ്‌ലേറ്റീവ് ഡ്രാഫ്റ്റിംഗ് പരിശീലനം നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക. അതുകൂടി സഫലമായാൽ ജന്മം കൃതാർത്ഥമായെന്ന് ഡോ.സി. രാമകൃഷ്ണൻ പറയുന്നു.

-സുരേഷ് വണ്ടന്നൂർ