mohanan

കാട്ടാക്കട:കാട്ടാക്കടയിലെ ആദ്യകാല ഫോട്ടോഗ്രാഫർ ഉഷസ് മോഹനന്(കള്ളിക്കാട് മൈലക്കര എം.ആർ ഭവനിൽ മോഹനൻ നായർ)നാടിന്റെ അന്ത്യാഞ്ജലി. 1980-83 കാലത്ത് കാട്ടാക്കടയിൽ സഹോദരൻ അയ്യപ്പൻ നായരുടെ ഉഷസ് സ്റ്റുഡിയോയിലൂടെയാണ് മോഹനൻ നായർ ഫോട്ടോഗ്രഫി രംഗത്തെത്തുന്നത്. അക്കാലത്ത് പല ദിനപത്രങ്ങളും ഫോട്ടോയ്ക്കായി ആശ്രയിച്ചിരുന്നത് മോഹനൻ നായരെയായിരുന്നു. പത്രലേഖകർക്കൊപ്പം ഉൾ വനങ്ങളിൽപ്പോലും പോയി ഫോട്ടോകൾ എടുക്കാൻ യാതൊരു മടിയുമില്ലായിരുന്നു. കാട്ടാക്കടയിലെ നിരവധി രാഷ്ട്രീയ യോഗങ്ങൾക്കും പരിപാടികൾക്കുമെല്ലാം സ്വമേധയാ ഫോട്ടോ എടുക്കുകയും വിവിധ പത്രങ്ങൾക്ക് കൈമാറാനും യാതൊരുമടിയും കാണിച്ചിട്ടില്ല.വിവിധ രാഷ്ട്രീയ പാർട്ടികളുടെ തണലായി മാറുന്ന കാലമായിരുന്നു സ്റ്റുഡിയോ ഉഷസ്സെന്ന് പ്രദേശവാസികൾ ഓർക്കുന്നു.

മരണവിവരം അറിഞ്ഞ് ജി.സ്റ്റീഫൻ.എം.എൽ.എ,സി.പി.എം.ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,സി.പി.എം കാട്ടാക്കട ഏരിയാ സെക്രട്ടറി ഗിരി,കള്ളിക്കാട് സി.പി.എം.ലോക്കൽ കമ്മിറ്റി സെക്രട്ടറി കള്ളിക്കാട് സുനിൽ,മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ്കുമാർ തുടങ്ങി നിരവധിപേർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.ചിന്താലയ ആശ്രമ ശ്മശാനത്തിൽ സംസ്ക്കാരം നടത്തി.