bjp

തിരുവനന്തപുരം:വാർഷിക ഭരണ റിപ്പോർട്ടിലെയും ബഡ്‌ജറ്റിലെയും കണക്കുകളിലെ പൊരുത്തക്കേടുകൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങൾ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കൂടിയ പ്രത്യേക കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങി. പാസാക്കിയ ബഡ്‌ജറ്റിനെക്കുറിച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നായിരുന്നു ഭരണസമിതിയുടെ നിലപാട്. ബഡ്‌ജറ്റ് ചർച്ച നടത്തിയ ദിവസം ബി.ജെ.പി അംഗങ്ങൾ നടത്തിയ പ്രതിഷേധത്തിന്റെ പോസ്റ്ററുകളുമായാണ് ഭരണപക്ഷ അംഗങ്ങൾ യോഗത്തിനെത്തിയത്. ചർച്ച ഒഴിവാക്കി കൗൺസിൽ യോഗം പിരിച്ചുവിട്ടതിനു പിന്നാലെ മേയറുടെ ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് ബി.ജെ.പി അംഗങ്ങൾ പ്രതിഷേധിച്ചു.ചർച്ച ചെയ്യാനല്ലെങ്കിൽ യോഗം വിളിച്ചു ചേർത്തത് എന്തിനെന്നും എൽ.ഡി.എഫും ബി.ജെ.പിയും ഒത്തുകളിക്കുകയാണെന്നുമായിരുന്നു യു.ഡി.എഫ് ആരോപണം.

അനുശോചന പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ.അനിൽ ക്രമപ്രശ്‌നം ഉന്നയിച്ചു.പാസാക്കിയ ബഡ്‌ജറ്റിനെക്കുറിച്ച് ചർച്ച അനുവദിക്കരുതെന്ന് അനിൽ ആവശ്യപ്പെട്ടു.ഡെപ്യൂട്ടി മേയർ പി.കെ.രാജു,എൽ.ഡി.എഫ് അംഗങ്ങളായ എസ്.സലിം,അംശു എന്നിവർ ഈ വാദത്തെ പിന്തുണച്ചു.ബി.ജെ.പി പാർലമെന്ററി പാർട്ടിനേതാവ് എം.ആർ.ഗോപൻ പ്രസംഗം ആരംഭിച്ചപ്പോൾ ബഡ്ജറ്റ് പുസ്തകം കീറിയെറിയുന്നതിന്റെ പോസ്റ്ററുകളുമായി എൽ.ഡി.എഫ് അംഗങ്ങൾ എഴുന്നേറ്റു.ഇതിനു പിന്നാലെ എൽ.ഡി.എഫ്– ബി.ജെ.പി അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടാവുകയായിരുന്നു.തുടർന്ന് യോഗം പിരിച്ചു വിടുന്നതായി മേയർ പ്രഖ്യാപിച്ചു.