തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കാലത്തും കർഷകൻ പട്ടിണിയാവാതിരിക്കാൻ പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി ഏറെ ഗുണം ചെയ്‌തെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആശയവിനിമയത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.രാജ്യത്തിന്റെ നട്ടെല്ലായ കാർഷിക സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഊന്നലാണ് ഈ എട്ടുവർഷത്തിൽ നൽകിയിട്ടുള്ളത്. ഈ വർഷം ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ഏകദേശം 11 കോടി ചെറുകിട കർഷക്കായി 1.45 ലക്ഷം കോടി രൂപ പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിപദ്ധതിക്ക് കീഴിൽ നൽകിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വിവിധ കാർഷിക മേഖലകളിൽ വിജയിച്ചവരെ ചടങ്ങിൽ ആദരിച്ചു.ഐ.സി.എ.ആർ സി.ടി.സി.ആർ.ഐ ഡയറക്‌ടർ ഡോ.എം.എൻ.ഷീല, പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്‌ടർ ജനറൽ വി.പളനിച്ചാമി, എസ്.ബി.ഐ ജനറൽ മാനേജർ വി.സീതാറാം, നബാർഡ് ഡെപ്യൂട്ടി ജനറൽമാനേജർ ജയിംസ് പി.ജോർജ്, കൗൺസിലർ എസ്.ആർ.ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.