 ഇടക്കല്ലിൽ ഗ്ളാസ് ബ്രിഡ്‌ജ് പരിഗണനയിൽ  കിഫ്ബി സഹായത്തോടെ വമ്പൻ പദ്ധതി

തിരുവനന്തപുരം: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി കോവളത്തെ മാറ്റാൻ കിഫ്ബി സഹായത്തോടെ ടൂറിസം വകുപ്പ് ബൃഹദ് പദ്ധതി നടപ്പാക്കുന്നു. ദക്ഷിണകേരളത്തിൽ വിദേശികളും സ്വദേശികളുമുൾപ്പെടെ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ഇവിടെ നൂതന ആശയങ്ങളും പദ്ധതികളും യാഥാർത്ഥ്യമാക്കാനാണ് ആലോചിക്കുന്നത്.

കോവളത്തെ പരന്ന കടൽത്തീരവും കടലിന്റെ കിടപ്പും കാലാവസ്ഥയും അനുയോജ്യമാകുന്ന സാഹസിക ടൂറിസം പദ്ധതിക്കാണ് മുൻതൂക്കം. ആഭ്യന്തര - വിദേശ ടൂറിസ്റ്റുകൾ ഇഷ്ടപ്പെടുന്ന തരത്തിലുള്ള വാട്ടർ സ്‌പോർട്സ് ഹബ്ബാക്കി കോവളത്തെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്ക് ആവശ്യമായ സ്ഥലസൗകര്യം കണ്ടെത്താൻ ജില്ലാ കളക്ടർ നോഡൽ ഓഫീസറായ ഉദ്യോഗസ്ഥ സംഘം ശ്രമം തുടങ്ങി. നഗരസഭയുടെയും റവന്യൂ വകുപ്പിന്റെയും സഹായത്തോടെ കോവളം ബീച്ചിൽ ആവശ്യമായ സ്ഥലം കണ്ടെത്തിയശേഷം സ്ഥല സൗകര്യങ്ങൾക്കനുസരിച്ച് പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കാനാണ് തീരുമാനം. നിലവിൽ ഇവിടെ പാരാസെയിലിംഗും സ്‌പീഡ് ബോട്ടുകളും മാത്രമേയുള്ളൂ.

''

ശംഖുംമുഖത്ത് കുട്ടികൾക്കും കൗമാരക്കാർക്കും ആസ്വദിക്കാൻ വിദൂരനിയന്ത്രണ യന്ത്രങ്ങളുപയോഗിച്ച് പ്രവർത്തിക്കുന്ന കാറുകളും റൈഡുകളും സജ്ജമാക്കും. ആക്കുളത്തും ശംഖുംമുഖത്തും സാഹസിക ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവൃത്തികൾ 50 ശതമാനത്തിലധികം പൂ‌ർത്തിയായി. ആക്കുളത്ത് നിലവിലുള്ള സൈക്കിൾ പാർക്കിന് പുറമേ ആകാശ സൈക്ലിംഗ്, കുട്ടവഞ്ചി സവാരി എന്നിവയും നടപ്പിലാക്കും.

ഷാരോൺ, സെക്രട്ടറി (ജില്ലാ ടൂറിസം

പ്രൊമോഷൻ കൗൺസിൽ)

ആകർഷകമായ പദ്ധതികൾ

----------------------------------------------

കുട്ടികൾക്ക് സുരക്ഷിതമാർഗമുപയോഗിച്ചുള്ള നീന്തൽ, വിൻഡ് സർഫിംഗ്, വിദേശത്തുള്ളതുപോലെയും വടക്കേന്ത്യയിൽ കാണപ്പെടുന്നതുമായ ജെറ്റ് സ്‌കീയിംഗ്, സ്‌കൂബാ ഡൈവിംഗ് അടക്കമുള്ള സാഹസിക വാട്ടർസ്‌പോർട്സ് ഇനങ്ങളാണ് കോവളത്ത് നടപ്പാക്കാനുദ്ദേശിക്കുന്നത്. കോവളത്ത് ഇടക്കല്ലുമായി യോജിക്കുന്ന വിധത്തിൽ ഗ്ളാസ് ബ്രിഡ്ജ് ടൂറിസം വകുപ്പിന്റെ പരിഗണനയിലാണ്. ഗ്ളാസുകൊണ്ട് നിർമ്മിച്ച വാച്ച് ടവറിനെ ഗ്ളാസിൽ നിർമ്മിക്കുന്ന നടപ്പാലവുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. വിദേശ രാജ്യങ്ങളിലേതുപോലെ ഇതിൽ കയറി കോവളത്തിന്റെ ആകാശക്കാഴ്ചകൾ ആസ്വദിക്കാൻ സന്ദർശകർക്ക് കഴിയുമെന്നതാണ് നേട്ടം.