
തിരുവനന്തപുരം: വിദ്യാലയങ്ങളാണ് ഏറ്റവും വലിയ മതനിരപേക്ഷ കേന്ദ്രങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴക്കൂട്ടം ഗവ. എച്ച്.എസ്.എസിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ജാതിയോ മതമോ കുഞ്ഞുങ്ങളെ വേർതിരിക്കുന്നില്ല. മതനിരപേക്ഷത അപകടപ്പെടുത്താനുള്ള നീക്കത്തിനെതിരെ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ലോകം ശ്രദ്ധിക്കുന്ന നിലയിലാണ്. അക്കാഡമിക് നിലവാരം ഇനിയും മെച്ചപ്പെടണം. എല്ലാ സ്‌കൂളും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തും.
കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ആരോഗ്യവകുപ്പുമായി ചേർന്ന് കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കും.
ഇപ്പോൾ എല്ലാം വേഗത്തിൽ വിരൽത്തുമ്പിൽ എത്തുന്നതിനാൽ, ഓർമ്മശക്തിയുടെ പ്രാധാന്യം കുറച്ചുകാണുന്നത് വൈരുദ്ധ്യമാണെന്ന് പ്രവേശനോത്സത്തിൽ അതിഥിയായെത്തിയ പ്രമുഖ സിനിമാ സൗണ്ട് എൻജിനീയർ റസൂൽ പൂക്കുട്ടി പറഞ്ഞു. ഈ വൈരുദ്ധ്യം നമ്മുടെ കൈകളിൽ ഒതുങ്ങുന്ന രീതിയിലേക്കുള്ള മാറ്റമാകട്ടെ പുതിയ അദ്ധ്യയന വർഷമെന്ന് അദ്ദേഹം ആശംസിച്ചു.
മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ കോട്ടൺഹിൽ ഗവ. ജി.എച്ച്.എസ്.എസിലെ സ്നേഹ അനുവിനെ ചടങ്ങിൽ ആദരിച്ചു.
മന്ത്രിമാരായ എം.വി ഗോവിന്ദൻ, ആന്റണി രാജു, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ പ്രശാന്ത്, ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, നടനും ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേംകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് ബാബു, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ്, വാർഡ് കൗൺസിലർ എൻ.എസ് കവിത, സ്കൂൾ പ്രിൻസിപ്പൽ ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.
ജില്ലകളിൽ നടന്ന പ്രവേശനോത്സവങ്ങളിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി.എ. മുഹമ്മദ് റിയാസ്, കെ. രാജൻ, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്താകെ 12986 സ്കൂളുകളിലായി നാലു ലക്ഷത്തോളം കുരുന്നുകളാണ് ഇന്നലെ പ്രവേശനോത്സവത്തിൽ പങ്കെടുത്തത്. കഴിഞ്ഞ ആറു വർഷത്തിനിടെ 10 ലക്ഷത്തിലേറെ കുട്ടികളുടെ വർദ്ധനയാണ് പൊതുവിദ്യാലയങ്ങളിലുണ്ടായത്.