
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലേക്ക് വീൽ ചെയറിലെത്തിയ പ്ളസ് വണ്ണുകാരൻ ശംഭു ദത്തൻ തന്റെ കൈയിലെ ഒഴിഞ്ഞ ബോക്സ് തുറന്നു കാണിച്ചു. ഒന്നടച്ച് കൈവിരലുകൾ ചലിപ്പിച്ച ശേഷം തുറപ്പോഴതാ ചുവന്ന മൂന്നു റോസാപ്പൂക്കൾ... വളരെ സന്തോഷത്തോടെ മുഖ്യമന്ത്രി പൂക്കൾ സ്വീകരിച്ചപ്പോൾ ശംഭുവിന്റെ മാജിക്കിന് നിറഞ്ഞ കൈയടി. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്ന കഴക്കൂട്ടം ഗവ. എച്ച്.എസ്.എസിലാണ് വ്യത്യസ്തമായ രീതിയിലുള്ള ചടങ്ങ് നടന്നത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് പൂക്കൾ നൽകിയതും ഭിന്നശേഷിക്കാരി. പത്താം ക്ളാസ് വിദ്യാർത്ഥിനി ആതിര.
നവാഗതരായ കുരുന്നുകളെ ക്ളാസുകളിലേക്ക് കൈപിടിച്ച് കൊണ്ടുപോയത് വി. ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയും നടനും ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേംകുമാറും ചേർന്നാണ്. നിറയെ കാമറകളും ആളും ബഹളവുമൊക്കെ കണ്ട് അങ്കലാപ്പിലായ കുട്ടികളെ മന്ത്രി തന്നെ എടുത്ത് ആശ്വസിപ്പിച്ചു. ഇടതു സർക്കാർ കുട്ടികളുടെ രക്ഷാകർത്താക്കളായി മാറിയെന്ന് മന്ത്രി പറഞ്ഞു.
വളരെ കുറച്ച് കുട്ടികൾ മാത്രമുണ്ടായിരുന്ന സ്കൂളിലേക്ക് ഇപ്പോൾ അഡ്മിഷന്റെ കുത്തൊഴുക്കാണെന്ന് കടകംപള്ളി സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പുതുതായി 9 ഡിവിഷനുകളാണ് ഇവിടെ ആരംഭിച്ചത്.
ഇത് താൻ പഠിച്ച ക്ളാസാണെന്നും ഒന്നു മുതൽ ഏഴുവരെ ഇവിടെയാണ് ഇരുന്നതെന്നും പറഞ്ഞ് പ്രേംകുമാർ തന്റെ സ്കൂൾ സ്മരണ പുതുക്കി. കുട്ടികളുടെ അടുത്തേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തി കുശലാന്വേഷണം നടത്തി. അവർക്കൊപ്പമിരുന്ന് കലാപരിപാടികളും വീക്ഷിച്ചശേഷമാണ് ഉദ്ഘാടന യോഗം നടന്നത്.