
തിരുവനന്തപുരം: 105 വർഷത്തെ പാരമ്പര്യമുള്ള പള്ളിപ്പുറം ഗവൺമെന്റ് എൽ.പി സ്‌കൂളിന് പൂർവവിദ്യാർത്ഥി കൂട്ടായ്‌മയുടെ സമ്മാനമായി ലഭിച്ചത് ഹൈടെക് ക്ളാസ് റൂം. സ്കൂളിലെ പ്രവേശനോത്സവവും ഹൈടെക് ക്ളാസ് റൂമിന്റെ ഉദ്ഘാടനവും സിനിമാതാരം സുധീർ കരമന ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
1917ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ സ്‌കൂൾ, ഒറ്റൈവിളാകം സ്‌കൂൾ എന്നാണ് അറിയപ്പെടുന്നത്. അടുത്തിടെ സ്‌കൂളിലെ പൂർവവിദ്യാർത്ഥികളായ 150ഓളം പേർ ചേർന്ന് അലുമ്‌നി അസോസിയേഷൻ രൂപീകരിച്ചിരുന്നു. സ്‌കൂൾ ബസിന്റെ അറ്റകുറ്റപ്പണികളും സ്‌കൂളിന് ആവശ്യമായ ഫർണീച്ചറുകളുടെ നിർമ്മാണച്ചെലവും അലുമ്‌നി അസോസിയേഷൻ വഹിച്ചു. ശേഷിക്കുന്ന ക്ലാസ് മുറികളുടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആറ് മാസത്തിനുള്ളിൽ സ്‌കൂളിനെ സമ്പൂർണ ഹൈടെക് സ്‌കൂളാക്കി മാറ്റാനാണ് പൂർവവിദ്യാർത്ഥി കൂട്ടായ്‌മയുടെ ലക്ഷ്യം.
അണ്ടൂർക്കോണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജിദ അദ്ധ്യക്ഷയായി. സ്‌കൂൾ പ്രധാനാദ്ധ്യാപിക സാജിത, വാർഡ് മെമ്പർമാരായ അനിൽകുമാർ, മുരളീധരൻ നായർ, അലുമ്‌നി അസോസിയേഷൻ സെക്രട്ടറി എസ്. രാജേന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.