
ആറ്റിങ്ങൽ: രണ്ടു വർഷത്തിനു ശേഷം മദ്ധ്യവേനൽ അവധികഴിഞ്ഞ് സ്കൂളുകൾ തുറന്നതോടെ പള്ളിക്കൂട മുറ്റത്ത് ഉത്സവ ലഹരി. നവാഗതരെ സ്വീകരിക്കാൻ മുതിർന്ന കുട്ടികളും അദ്ധ്യാപകരും പി.ടി.എയും നാട്ടുകാരും ഒത്തുചേർന്നപ്പോൾ സ്കൂൾ മുറ്റങ്ങൾ പൂരപ്പറമ്പായി.
പുത്തൻ ഉടുപ്പും ബാഗും കുടയുമായി രക്ഷിതാക്കൾക്കൊപ്പം വന്ന ഒന്നാം ക്ളാസുകാരുടെ മുഖത്ത് ആദ്യം ഉത്കണ്ഠയായിരുന്നെങ്കിലും സമ്മാനങ്ങളും മിഠായിയും പായസവും ഒക്കെ ലഭിച്ചപ്പോൾ ഉത്സാഹമായി. എന്നാൽ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് ക്ളാസുകളിലേക്കു കടന്നതോടെ മുഖം വാടി.
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ മിക്ക സ്കൂളുകളിലും നാടൻ കലാരൂപങ്ങളും ചെണ്ടയും താളമേളങ്ങളുമൊക്കെ ഒരുക്കി. ആറ്റിങ്ങൽ മണ്ഡലതല പ്രവേശനോത്സവം ടൗൺ യു.പി.എസ്സിൽ ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. നഗരസഭാതല പ്രവേശനോത്സവം ആലംകോട് ഗവ. എൽ.പി.എസ്സിൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ നജാം അദ്ധ്യക്ഷത വഹിച്ചു.