കടയ്ക്കാവൂർ: പ്രവേശനോത്സവം വർണ്ണാഭമാക്കി അഞ്ചുതെങ്ങ് കായിക്കര കുമാരനാശാൻ മെമ്മോറിയൽ എൽ.പി സ്കൂൾ. സ്കൂൾ പി.ടി.എ പ്രസിഡന്റ് സജി സുന്ദറിന്റെ അദ്ധ്യക്ഷതയിൽ പ്രവേശനോത്സവ ഉദ്ഘാടനം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു നിർവഹിച്ചു. പ്രഥമാദ്ധ്യാപിക ഗീത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയാശ്രീരാമൻ, സ്കൂൾ വികസന സമിതി അംഗം സുനി.പി.കായിക്കര, ശിവപ്രസാദ്, ഓമന ദാസ്, ലീന ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. കായിക്കര പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്കൂൾ വികസന സമിതിക്ക് സഹായനിധി കൈമാറി. കായിക്കര ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകളും കായിക്കര പൗരാവലിയുടെ നേതൃത്വത്തിൽ മധുരവും വിതരണം ചെയ്തു. ചടങ്ങിൽ പൂർവകാല വിദ്യാർത്ഥിയായിരുന്ന ബി.എസ്‌സി ബയോ ടെക്നോളജിയിൽ കാര്യവട്ടം കോളേജിൽ നിന്ന് ഒന്നാം റാങ്കും, യൂണിവേഴ്സിറ്റി തലത്തിൽ രണ്ടാം റാങ്കും കരസ്ഥമാക്കിയ കൃഷ്ണ സാഗരയെ അനുമോദിച്ചു.