
ചിറയിൻകീഴ്: കാൽനടയാത്ര പോലും അസഹ്യമായി ചിറയിൻകീഴ് മുസലിയാർ എൻജിനിയറിംഗ് കോളേജിലേക്കുള്ള റോഡ്. വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരുമടക്കം നിരവധി പേർ ആശ്രയിക്കുന്ന റോഡാണിത്. റോഡേത് ചെളിയേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ ചെളിക്കളമാണിവിടം.
നിരവധി പേരാണ് ഇവിടെ വീണ് പരിക്കേറ്രത്. ബൈക്കുകളും ഇവിടെ തെന്നി മറിയാറുണ്ട്. ഇക്കഴിഞ്ഞ ദിവസം എക്സാം എഴുതാൻ വന്ന യുവതിയും ഇവിടെ ചെളിയിൽ തെന്നി വീണു. ചിറയിൻകീഴ് - മഞ്ചാടിമൂട് റോഡിൽ നിന്നാണ് മുസലിയാർ കോളേജിലേക്കുള്ള റോഡ് ആരംഭിക്കുന്നത്. ഈ റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങളായി. ആറുവർഷം മുമ്പാണ് ഇവിടെ അവസാനമായി അറ്റകുറ്റപ്പണികൾ നടന്നതെന്ന് നാട്ടുകാർ പറയുന്നു.
ഈ റോഡ് രണ്ടായി തിരിഞ്ഞ് ഒന്ന് മൂന്നാറ്റുമുക്കിലും മറ്റേത് കടകം ആറിലുമാണ് അവസാനിക്കുന്നത്. ഹാർബർ എൻജിനിയറിംഗ് വകുപ്പിനാണ് ഈ റോഡിന്റെ മേൽനോട്ടം. റോഡിന്റെ ടെൻഡർ നടപടികൾ കഴിഞ്ഞെങ്കിലും നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. അടിയന്തരമായി റോഡ് പണി ആരംഭിക്കണമെന്നും അല്ലാത്തപക്ഷം മണ്ണ് നിറച്ച് കുഴികൾ അടയ്ക്കാനുള്ള സംവിധാനമെങ്കിലും ഒരുക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.