
വർക്കല: രണ്ടുവർഷത്തിനുശേഷം ഓടിത്തുടങ്ങിയ സാധാരണക്കാരുടെ ട്രെയിനിന് വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. കൊവിഡ് സമയത്ത് നിറുത്തലാക്കിയിരുന്ന കൊല്ലം-തിരുവനന്തപുരം, തിരുവനന്തപുരം-കൊല്ലം അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകളാണ് കഴിഞ്ഞദിവസം പുനരാരംഭിച്ചത്. കൊല്ലത്തു നിന്നും പുറപ്പെട്ട് രാവിലെ 7.20നും തിരികെ സന്ധ്യക്ക് ഏഴുമണിക്കും ട്രെയിൻ വർക്കലയിൽ എത്തും. തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ എല്ലാ സ്റ്റേഷനുകളിലും ട്രെയിന് സ്റ്റോപ്പ് ഉണ്ടാകും. സർവീസ് പുനരാരംഭിച്ചതിന്റെ ഭാഗമായി വർക്കല ശിവഗിരി റെയിൽവേവെൽഫെയർ അസോസിയേഷൻ പ്രവർത്തകർ ട്രെയിൻ ഡേ ആയി ആചരിച്ചു. സ്റ്റേഷൻ സൂപ്രണ്ട് സി.പ്രസന്നകുമാർ ലോക്കോ പൈലറ്റുമാരെ ഹാരമണിയിച്ച് ആദ്യ സർവീസിനെ വരവേറ്റു. വി.കെ.രാജീവ്, വർക്കല വാസുദേവൻ, ലൈന കണ്ണൻ, ബ്രഹ്മാസ് മോഹനൻ, സപ്രു, സുമേഷ് വർക്കല തുടങ്ങിയവർ പങ്കെടുത്തു.