
പാറശാല: കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ ആദരവിന് പാറശാലയിലെ രണ്ട് കർഷകർ അർഹരായി.
സംസ്ഥാന തലത്തിൽ അർഹരായത് നാല് കർഷകരാണ്. പാറശാല പഞ്ചായത്തിൽ കൊടവിളകം വാർഡിലെ രവീന്ദ്രൻ, കുളത്തൂർ പഞ്ചായത്തിൽ നല്ലൂർവട്ടം ശിവഗംഗയിലെ പവിത്രകുമാർ എന്നിവരാണ് ആദരവിന് അർഹരായത്. പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ സമ്മേളനത്തിന്റെ തത്സമയ വെബ് കാസ്റ്റിംഗിന്റെ ഭാഗമായി കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച കർഷക മേളയിൽ വച്ച് മന്ത്രി വി. മുരളീധരൻ കർഷകർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.
നിരവധി വിളകളുടെ സംരക്ഷകനും അഞ്ചേക്കറോളം സ്ഥലത്ത് വാഴ, മരിച്ചീനി, ഇഞ്ചി, ചേമ്പ്, വെറ്റില എന്നിവ കൃഷി ചെയ്യുന്ന രവീന്ദ്രൻ മീൻ വളർത്തൽ, പശു, കോഴി വളർത്തൽ എന്നിവയും ചെയ്യുന്നുണ്ട്.
പവിത്രകുമാർ സി.ടി.സി.ആർ.ഐ മരച്ചീനി ഇനങ്ങളായ ശ്രീ പവിത്രയും ശ്രീ രക്ഷയും, വള മിശ്രിതവും മൈക്രോഫുഡും നൽകി നടത്തിയ പരീക്ഷണങ്ങളിലൂടെ ഉല്പാദനം 20 ശതമാനം കൂട്ടാൻ കഴിഞ്ഞതായും പറഞ്ഞു. സി.ടി.സി.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ജി. ബൈജുവിന്റെ സാങ്കേതിക നിർദേശങ്ങളും നിരന്തര സന്ദർശനങ്ങളും ഏറെ സഹായകരമായെന്നും കർഷകർ പറഞ്ഞു.