recycling

പി. പി. പി മാതൃകയിൽ രാജ്യത്തെ ആദ്യ പ്ലാന്റ്

തിരുവനന്തപുരം: നഗരങ്ങളിലെ ഖരമാലിന്യം വീണ്ടും ഉപയോഗിക്കാവുന്ന തരത്തിൽ

സംസ്‌കരിച്ച് പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ സ്വകാര്യ പങ്കാളിത്തത്തോടെ (പബ്ലിക് - പ്രൈവറ്റ് പാർട്ണർഷിപ്പ് ) രാജ്യത്തെ ആദ്യത്തെ റീസൈക്ളിംഗ് പാർക്ക് സംസ്ഥാനത്ത് സ്ഥാപിക്കും. പറ്റിയ സ്ഥലം കണ്ടെത്താൻ തദ്ദേശ വകുപ്പ് നടപടി തുടങ്ങി.

നഗരസഭകളുമായി ചേർന്ന് നടപ്പാക്കുന്ന ഖരമാലിന്യ പരിപാലന പദ്ധതിക്ക് ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രെക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായം ലഭ്യമാക്കും

നഗരങ്ങളിലെ വീടുകൾ, സ്‌കൂളുകൾ, സ്ഥാപനങ്ങൾ, ഓഫീസുകൾ തുടങ്ങിയ ഇടങ്ങളിൽ ഉത്‌പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവ് ശാസ്‌ത്രീയമായി കണ്ടെത്തും. ഇതിനായി ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്) മാപ്പിംഗ് നടത്താൻ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ നിർദ്ദേശം നൽകി.

തലശേരി നഗരസഭയിൽ മാപ്പിംഗ് വിജയിച്ചതോടെ ബാക്കി 92 നഗരസഭകളിലും നാല് മാസത്തിനകം പഠനം പൂർത്തിയാക്കും. ജി.ഐ.എസ് മാപ്പിംഗ് ചുമതല കെൽട്രോണിനാണ്. ഇതുവഴി ഓരോ നഗരസഭയിലെയും മാലിന്യത്തിന്റെ അളവിനും സ്വഭാവത്തിനും സ്ഥലപരിമിതിക്കും അനുസരിച്ചുള്ള സംസ്‌കരണ യൂണിറ്റുകൾ തയ്യാറാക്കും.

ചവറിട്ട ഭൂമി വീണ്ടെടുക്കും

വർഷങ്ങളായി മാലിന്യം ഉപേക്ഷിക്കുന്ന ഭൂമി വീണ്ടെടുക്കും. വിവിധ ജില്ലകളിൽ ഇത്തരം 34 മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ കണ്ടെത്തി. ഇവിടങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യ കൂമ്പാരം വേർതിരിച്ച് പാരിസ്ഥിതിക, ആരോഗ്യ, സാമൂഹിക പ്രശ്‌നങ്ങളില്ലാതെ സംസ്‌കരിക്കും.

'ആധുനിക സങ്കേതങ്ങളിലൂടെ നഗരങ്ങളിലെ മാലിന്യം 100 ശതമാനവും ശേഖരിച്ച് സംസ്‌കരിക്കും.'

എം.വി ഗോവിന്ദൻ, തദ്ദേശ മന്ത്രി