കാട്ടാക്കട: ഈ വർഷത്തെ ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ വിദ്യാലയത്തിനുള്ള പുരസ്കാരം കള്ളിക്കാട് ചിന്താലയ വിദ്യാലയം സീനിയർ സെക്കൻഡറി സ്കൂളിന്. ലോക പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സമിതി ഏർപ്പെടുത്തിയതാണ് പുരസ്കാരം. നാളെ കള്ളിക്കാട് ചിന്താലയ വിദ്യാലയത്തിൽ ചേരുന്ന പരിസ്ഥിതി സമ്മേളനത്തിൽ വച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ പുരസ്കാര ദാനം നടത്തും. കീഴ്‌വാണ്ടയിലെ അഗസ്ത്യവനം സൂക്ഷ്മ നിബിഢവനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനവും കേന്ദ്രമന്ത്രി നിർവഹിക്കും. 3ന് രാവിലെ 9.45ന് മുൻ ജലനിധി ഡയറക്ടർ ഡോ.വി.സുഭാഷ് ചന്ദ്രബോസ്, റിട്ട.ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ഉദയനൻ നായർ എന്നിവർ പരിസ്ഥിതി സർഗ സംവാദം നടത്തും. 11.15ന് കേന്ദ്രമന്ത്രി വി.മുരളീധരനെ ചിന്താലയാശ്രമം പൂർണ കുഭം നൽകി സ്വീകരിക്കും. തുടർന്ന് ചിന്താലയ ആശ്രമ ട്രസ്റ്റ് പ്രസിഡന്റ് വിശ്വനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യുകയും മികച്ച പരിസ്ഥിതി സൗഹൃദ വിദ്യാലയത്തിനുള്ള പുരസ്കാരം സ്കൂളിന് കൈമാറുകയും ചെയ്യും. സ്കൂൾ മാനേജർ വി.ആർ.സജിത്ത് വിദ്യാലയ പരിചയം നടത്തും.എക്സൈസ് കമ്മിഷണർ ആനന്ദകൃഷ്ണൻ,പരിസ്ഥിതി ശാത്രജ്ഞൻ ഡോ.സുഭാഷ് ചന്ദ്രബോസ്,റിട്ട.ഡി.എഫ്.ഒ ഡോ.ഇന്ദുചൂഡൻ,കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്തശ്രീകുമാർ,ഗ്രാമപഞ്ചായത്തംഗം ബിന്ദു സുനിൽ,സ്കൂൾ മാനേജ്മെന്റ് ചെയർമാൻ രാജ്മോഹൻ,ഡോ.വി.സുനിൽകുമാർ,ഉയനൻ നായർ എന്നിവർ സംസാരിക്കും.ചടങ്ങിൽ വച്ച് വിവിധ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച വിശിഷ്ട വ്യക്തികളെ ആദരിക്കും.