sss

ചിറയിൻകീഴ്: ലോക പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി കെ- റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ആഹ്വാനം ചെയ്ത 'പരിസ്ഥിതി വിനാശ കെ - റെയിൽ പദ്ധതി വേണ്ട' വാരാചരണത്തിന് മുരുക്കുംപുഴയിൽ തുടക്കമായി. 6ന് സമാപിക്കും.

മുരുക്കുപുഴ തോപ്പുമുക്കിൽ നടന്ന ചടങ്ങിൽ കെ - റെയിൽ അടയാളക്കല്ലുകൾ നീക്കംചെയ്ത ഇടങ്ങളിൽ വച്ചുപിടിപ്പിക്കാനുള്ള മരത്തിന്റെ വിതരണോദ്ഘാടനം ജില്ലാ ചെയർമാൻ കരവാരം രാമചന്ദ്രനിൽ നിന്ന് ആദ്യ വൃക്ഷത്തൈ ഏറ്റുവാങ്ങി മുരുക്കുംപുഴ സമരസമിതി പ്രസിഡന്റ്‌ എ.കെ. ഷാനവാസ്‌ നിർവഹിച്ചു. വാരാചരണത്തിന്റെ ഭാഗമായി മുരുക്കുംപുഴയിൽ കെ - റെയിൽ അലൈയൻമെന്റ് പ്രദേശങ്ങളിൽ പദയാത്ര, ഭവന സന്ദർശനങ്ങൾ, കുടുംബയോഗങ്ങൾ, സമരമരം വച്ചുപിടിപ്പിക്കൽ തുടങ്ങിയ പരിപാടികൾ നടക്കും.
ജൂൺ 5ന് ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ പദ്ധതി ബാധിത പ്രദേശങ്ങളിൽ വച്ചു പിടിപ്പിച്ചുകൊണ്ടും പ്രതിഷേധ സൂചകമായി വാഴ തൈകൾ നട്ടുകൊണ്ടും ആചരിക്കും. വാരാചരണ യോഗം സംസ്ഥാന രക്ഷാധികാരി കെ. ശൈവപ്രസാദ് ഉദ്ഘാടനം ചെയ്തു. മുരുക്കുപുഴ സമരസമിതി പ്രസിഡന്റ്‌ എ.കെ. ഷാനവാസ്‌ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ കരവാരം രാമചന്ദ്രൻ, ജില്ലാ കൺവീനർ എ. ഷൈജു, നസീർ വരിക്കുമുക്ക്, നസീറ സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു.