തിരുവനന്തപുരം: രണ്ട് വർഷത്തെ കൊവിഡ് ആശങ്കാ കാലവും രണ്ട് മാസത്തെ അവധിക്കാലവും കഴിഞ്ഞ് ക്ലാസ്‌മുറികളിൽ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ജില്ലയിലെ സ്‌കൂളുകളിലെ അദ്ധ്യാപകരും കുട്ടികളും.മാസ്ക് ധരിച്ച് പുത്തനുടുപ്പും കുടയുമായി രാവിലെ 8.30 മുതൽ വിദ്യാർത്ഥികൾ സ്‌കൂളിലെത്തി.ആദ്യമായി സ്‌കൂളിലെത്തിയവർ മാതാപിതാക്കളുടെ കൈവിടുവിക്കാൻ മടിച്ച് ചിണുങ്ങി.സ്‌കൂളിൽ ആദ്യദിനമല്ലാത്തവർക്ക് പരിചയം പുതുക്കലും കളിചിരികളും.കുട്ടികൾക്ക് ക്ലാസ്‌മുറികൾ കാണിച്ചുകൊടുക്കാൻ എസ്.പി.സി, എൻ.സി.സി കേഡറ്റുകളുണ്ടായിരുന്നു.നവാഗതരെ സ്വീകരിക്കാൻ പല സ്‌കൂളുകളും ചെണ്ടമേളം ഒരുക്കിയിരുന്നു.അക്ഷരവിളക്ക് തെളിച്ചും ബലൂണും ബാഗും കുടയും നൽകിയും നവാഗതരെ സ്വീകരിച്ച സ്കൂളുകളുമുണ്ട്.
നേരിട്ട് പാഠങ്ങളിലേക്ക് കടക്കാതെ കഥകളും കളികളുമായി ആദ്യ ദിനം കടന്നുപോയി.എൽ.പി വിഭാഗക്കാർക്ക് ഉച്ചവരെയായിരുന്നു ക്ലാസ്. ഉച്ചഭക്ഷണവും സ്‌കൂളുകളിൽ ഒരുക്കിയിരുന്നു. എസ്.എം.വി സ്‌കൂളിലെ പ്രവേശനോത്സവം തമ്പാനൂർ പൊലീസ് ഇൻസ്‌പെക്ടർ ആർ.പ്രകാശ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ വസന്തകുമാരി,പി.ടി.എ പ്രസിഡന്റ് ഒ.എസ്. ജയൻ,സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയത് ചീഫ് സെക്രട്ടറി വി.പി.ജോയിയാണ്.എം.എസ്.സി സ്‌കൂൾ കറസ്‌പോണ്ടന്റ് മോൺ. ഡോ.വർക്കി ആറ്റുപുറത്ത് അദ്ധ്യക്ഷത വഹിച്ചു.വി.കെ.പ്രശാന്ത് എം.എൽ.എ, പ്രിൻസിപ്പൽ ഫാ. ടി. ബാബു, വൈസ് പ്രിൻസിപ്പൽ ബിജോ ഗീവർഗീസ് തുടങ്ങിയവർ പങ്കെടുത്തു.