
തിരുവനന്തപുരം: രാജ്യത്ത് അരിക്ക് വിലക്കയറ്റം ഉണ്ടായാലും സംസ്ഥാനത്ത് കാര്യമായി ബാധിക്കാതിരിക്കാനും കരുതൽ ശേഖരം കൂട്ടാനും കൂടുതൽ അരി സംഭരിക്കാൻ സർക്കാർ നടപടി തുടങ്ങി. സംസ്ഥാനത്ത് കൂടുതൽ ഡിമാന്റുള്ള അരി ഇനങ്ങൾക്ക് രണ്ടു മാസത്തിനിടെ 8 മുതൽ 12 രൂപവരെ വർദ്ധിച്ച സാഹചര്യത്തിൽ കൂടിയാണിത്.
റേഷൻ അരിയുടെ കരുതൽ ശേഖരം വർദ്ധിപ്പിക്കാൻ എഫ്.സി.ഐ ജനറൽ മാനേജരുമായി മന്ത്രി ജി.ആർ. അനിലും ഭക്ഷ്യ സെക്രട്ടറിയും ഇന്ന് ചർച്ച നടത്തും. സപ്ളൈകോയ്ക്ക് കൂടുതൽ അരി ലഭ്യമാക്കുന്നതിനുള്ള ചർച്ചകൾക്കായി സി.എം.ഡി. സഞ്ജീവ്കുമാർ പട്ജോഷി തെലങ്കാനയിൽ എത്തി. ആന്ധ്രയിലേക്കും അദ്ദേഹം പോകും.
അന്താരാഷ്ട്ര വിപണിയിൽ അരിവില വർദ്ധിക്കുന്ന പ്രവണതയാണ് നിലവിൽ. അരി കയറ്റുമതിയിൽ ലോകത്ത് മൂന്നാം സ്ഥാനത്ത് നിൽക്കുന്ന വിയറ്റ്നാം വില കൂടിയപ്പോൾ ഇന്ത്യയിൽ നിന്നും ഇറക്കുമതി ആരംഭിച്ചിരുന്നു. കയറ്റുമതി കൂടിയപ്പോഴാണ് ഇന്ത്യയിലും വില വർദ്ധിച്ചത്. അതിനാൽ, ഗോതമ്പിനും പഞ്ചസാരയ്ക്കും പിന്നാലെ അരി കയറ്റുമതിയിലും നിയന്ത്രണം കൊണ്ടുവരുന്നത് കേന്ദ്രത്തിന്റെ പരിഗണനയിലാണ്. ആഭ്യന്തര വിപണിയിൽ അരി ലഭ്യത ഉറപ്പാക്കാനും വില ക്രമംവിട്ട് ഉയരുന്നത് തടയാനുമാണിത്.
റേഷൻ കടകളിൽ വീതംവച്ച് വിതരണം
നിലവിൽ സ്റ്റോക്കുള്ള അരി കാർഡുടമകൾക്ക് വീതംവച്ചാണ് ഈ മാസംമുതൽ റേഷൻ കടകളിൽ വിതരണം നടത്തുന്നത്. അതിങ്ങനെ:
അരി (കിലോഗ്രാമിൽ), മഞ്ഞ കാർഡ്, പിങ്ക്, നീല, വെള്ള ക്രമത്തിൽ
പുഴുക്കലരി.................. 15.........................2.........5..........4
കുത്തരി.......................... 7........................1........ 5..........1
പച്ചരി..............................8.........................1..........1........ 5
ആകെ റേഷൻ വിഹിതം- 14.25 ലക്ഷം ടൺ അരി
കേരളത്തിൽ ഉത്പാദിപ്പിക്കുന്ന കുത്തരി- 3 ലക്ഷം ടൺ
'ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ അരിവിഹിതം കൂട്ടുകയാണ് കേന്ദ്ര സർക്കാർ ചെയ്യേണ്ടത്. അതുണ്ടാകുന്നില്ല".
-ജി.ആർ. അനിൽ, ഭക്ഷ്യമന്ത്രി