
തിരുവനന്തപുരം: വനം മേധാവിയായി നിയമിച്ച ബെന്നിച്ചൻ തോമസിന്റെ പിൻഗാമിയായി മുഖ്യ വന്യജീവി വാർഡനെ കണ്ടെത്താനുള്ള നീക്കത്തിൽ സമവായത്തിലെത്താതെ സർക്കാർ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരിൽ സീനിയറായ ഗംഗ സിംഗിന്റെ പേരിന് മുൻതൂക്കമുണ്ടെങ്കിലും ചിലർക്ക് വേണ്ടി രാഷ്ട്രീയ ചരടുവലികളുമുണ്ട്.
ഡി. ജയപ്രസാദ്, നോയൽ തോമസ് എന്നീ പേരുകളും പരിഗണനാ പട്ടികയിലുണ്ട്. സീനിയോറിട്ടി നോക്കിയാൽ ഗംഗാ സിംഗ് സ്ഥാനത്തെത്തും. എന്നാൽ മലയാളം സംസാരിക്കാനറിയാത്തത് അദ്ദേഹത്തിന്റെ ന്യൂനതയായി ചൂണ്ടിക്കാണിക്കുന്നു. ഡി. ജയപ്രസാദിൽ സർക്കാരിന് താത്പര്യമുണ്ടെന്നാണ് സൂചന. എന്നാൽ വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ പാർട്ടിയായ എൻ.സി.പി നേതൃത്വം നോയൽ തോമസിനായി രംഗത്തുണ്ട്.
സാധാരണ വനം മേധാവിയുൾപ്പെട്ട സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്നയാൾക്ക് വനം മന്ത്രിയുടെ കൂടി ശുപാർശയോടെ മുഖ്യമന്ത്രി അംഗീകാരം നൽകാറാണ് പതിവ്. ഇത്തവണ രാഷ്ട്രീയ സമ്മർദ്ദം മുറുകിയതോടെയാണ് ഫയൽ വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ പരിഗണനയ്‌ക്ക് വിട്ടത്.
ഇന്നലെ പ്രാഥമിക പരിശോധന നടന്നെങ്കിലും വനം പ്രിൻസിപ്പൽ സെക്രട്ടറി സ്ഥലത്തില്ലാതിരുന്നതിനാൽ തുടർ നടപടിയുണ്ടായില്ല.