muhammed-riyas

തിരുവനന്തപുരം: മഴക്കാലത്തെ നേരിടാൻ കഴിയും വിധം ബി.എം ആൻഡ് ബി.സി നിലവാരത്തിലുള്ള റോഡുകൾ നിർമ്മിക്കുന്ന നടപടികൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. മഴക്കാലത്ത് റോഡുകളുമായി ബന്ധപ്പെട്ടുള്ള പരാതികളും ബുദ്ധിമുട്ടുകളും പരിഹരിക്കാൻ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സുകളുടെയും പി.ഡബ്ല്യു.ഡി മഴക്കാല കൺട്രോൾ റൂമിന്റെയും ഉദ്ഘാടനം നിർ‌വഹിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചു വർഷംകൊണ്ട് സംസ്ഥാനത്തെ 50 ശതമാനം പി.ഡബ്ല്യു.ഡി റോഡുകൾ ബി.എം.ആൻഡ് ബി.സി. നിലവാരത്തിൽ നിർമ്മിക്കുകയാണ് ലക്ഷ്യം.റോഡിലെ കുഴികളുണ്ടാക്കുന്ന വിപത്തുകൾ നിസാരമായി കാണാവുന്നതല്ല. മഴയെ അതിജീവിച്ച് റോഡുകൾ സുരക്ഷിതമാക്കി നിലനിറുത്തുകയെന്നത് പൊതുമരാമത്ത് വകുപ്പ് വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുകയാണ്.

കെ.എസ്.ടി.പി ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം മുഖേനയാണ് ടാസ്‌ക് ഫോഴ്‌സിന്റെ പ്രവർത്തനം. 1800-425-7771 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാം.കൺട്രോൾ റൂമിൽ അറിയിക്കുന്ന പ്രശ്‌നങ്ങൾ അപ്പപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ലാതല ടാസ്‌ക് ഫോഴ്‌സിനെ അറിയിക്കും. 48 മണിക്കൂറിൽ പ്രശ്‌ന പരിഹാരം ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സിന് കഴിയുമെന്ന് മന്ത്രി പറഞ്ഞു. കെ.എസ്.ടി.പി ഓഫീസിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാർ, കെ.ആർ.എഫ്.ബി. പി.എം.യു പ്രൊജക്ട് ഡയറക്ടർ ഡാർലിൻ കർമലിറ്റ ഡിക്രൂസ്, റോഡ്‌സ് വിഭാഗം ചീഫ് എൻജിനിയർ അജിത്ത് രാമചന്ദ്രൻ, കെ.എസ്.ടി.പി ചീഫ് എൻജിനിയർ കെ.എഫ്.ലിസി തുടങ്ങിയവർ പങ്കെടുത്തു.