photo

പാലോട്: സ്ഥലപരിമിതിയെ തുടർന്ന് നന്ദിയോട്ടേക്ക് മാറ്റിയ ജി. കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സി.ബി.എസ്.ഇ സ്‌കൂൾ സൗകര്യക്കുറവിനെ തുടർന്ന് ഞാറനീലി അംബേദ്കർ വിദ്യാനികേതൻ സ്‌കൂളിലേക്ക് മാറ്റാൻ തീരുമാനിച്ചതിൽ പ്രതിഷേധം.

നന്ദിയോട്ട് പ്രവർത്തിക്കുന്ന സ്‌കൂളിൽ വിദ്യാർത്ഥികളും രക്ഷകർത്താക്കളും ഇന്നലെ രാവിലെ മുതൽ തുടങ്ങിയ പ്രതിഷേധം രാത്രിവരെ നീണ്ടു. ആദ്യഘട്ടത്തിൽ അഞ്ചുമുതൽ എട്ടുവരെ ക്ലാസിലെ 60ലധികം വിദ്യാർത്ഥികളെയാണ് ഞാറനീലിയിലേക്ക് മാറ്റാൻ പട്ടികവർഗവകുപ്പ് നിർദ്ദേശം നൽകിയത്. പിന്നാലെ വിദ്യാലയം മുഴുവൻ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം.

നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ, വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാൽ, മെമ്പർമാരായ അരുൺ, രാജ്കുമാർ, നന്ദിയോട് രാജേഷ്, ആദിവാസി നേതാക്കളായ ബി.വിദ്യാധരൻ കാണി, കിഷോർ, രാമഭദ്രൻ, എം.വി. ഷിജുമോൻ എന്നിവരുടെ നേതൃത്വത്തിൽ പട്ടികവർഗ അസി.ഡയറക്ടറുമായി നടത്തിയ ആദ്യഘട്ട ചർച്ച പരാജയപ്പെട്ടു. തുടർന്ന് ചെറിയ ഉന്തും തള്ളുമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ചർച്ച അലസിയതിനെ തുടർന്ന് പട്ടികവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥരെ സ്‌കൂളിൽ തടഞ്ഞുവച്ചു. സംഘർഷാവസ്ഥയായതോടെ പാലോട് സി.ഐ ഒ. ഷാജിമോൻ, പാലോട് എസ്.ഐ നിസാറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. രണ്ടാംഘട്ട ചർച്ചയിൽ സ്‌കൂളിന്റെ പ്രവർത്തനം താത്കാലികമായി നന്ദിയോട്ട് തുടരാനും അതിനകം അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ കഴിയാതെവന്നാൽ സർക്കാരും സ്‌കൂൾ അധികൃതരും ചേർന്ന് അനുയോജ്യമായ സ്ഥലം കണ്ടെത്താമെന്നും അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.

ഞാറനീലിയിൽ പഠിക്കാൻ സാഹചര്യമില്ലാത്ത ആദിവാസി കുട്ടികൾക്കായാണ് പട്ടിക വർഗവകുപ്പ് 2015ൽ കുറ്റിച്ചലിലെ വാലിപ്പാറയിൽ സ്‌കൂൾ പ്രവർത്തനം തുടങ്ങിയത്. ഏഴ് വർഷത്തിനിടെ ഈ വിദ്യാലയം പലവട്ടം വാടകക്കെട്ടിടങ്ങൾ മാറി. അവധിക്കാലം തുടങ്ങുന്നതിന് മുമ്പ് നെടുമങ്ങാട് പ്രോജക്ട് ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ കാട്ടാക്കട താലൂക്കിൽ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ രക്ഷിതാക്കളെ ഏല്പിച്ചിരുന്നു. ഇതനുസരിച്ച് കെട്ടിടമുള്ള നാല് സ്ഥലങ്ങൾ കണ്ടെത്തി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഇവ പരിഗണിക്കാൻപോലും അധികൃതർ തയ്യാറായില്ലെന്ന് രക്ഷിതാക്കൾ പറയുന്നു.

കുട്ടികളെ ഞാറനീലിയിലേക്ക് മാറ്റുമ്പോൾ ജീവനക്കാരുടെ കാര്യത്തിൽ വകുപ്പ് ഒരു തീരുമാനവുമെടുത്തിട്ടില്ല. രണ്ടുമാസം മുമ്പ് മന്ത്രി കെ. രാധാകൃഷ്ണൻ വാലിപ്പാറയിലെത്തി സ്‌കൂളിന്റെ സാദ്ധ്യതകൾ വിലയിരുത്തിയിരുന്നു.