
പൂവാർ: അരുമാനൂർ മുടുമ്പ് നടയിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മാനത്ത് മഴ കറുത്താൽ മുടുമ്പ് നട മുതൽ കൈപ്പൂരി വരെ വെള്ളത്തിൽ മുങ്ങും. റോഡും തോടും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തവണ്ണം വെള്ളം ഇവിടെ തളം കെട്ടിനിൽക്കും. അതുവഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായും അവതാളത്തിലാകും. കാൽനട യാത്രയും ദുസ്സഹമാകും. പ്രദേശത്തെ വീടുകളിൽ വെള്ളം കയറും. കൈപ്പുരിയിലെയും സമീപ പ്രദേശങ്ങളിലെയും കൃഷിയിടങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാകും. പൊഴി മുറിയാൻ വൈകിയാൽ ചിലപ്പോൾ ആഴ്ചകളോളം ഇവിടെ വെള്ളം കെട്ടി നിൽക്കും. അതോടെ പച്ചക്കറി കൃഷി മുഴുവൻ നശിക്കും. മത്സ്യകൃഷി നടത്തുന്നവരും ആട്, കോഴി എന്നിവ വളർത്തുന്ന കർഷകരും ദുരിതത്തിലുമാകും. ഈ ദുരവസ്ഥയ്ക്ക് അടിയന്തര പരിഹാരം വേണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാനായാൽ കൈപ്പൂരി ഏലായിൽ നെൽ കൃഷിയുടെ പുതുവസന്തം തീർക്കാനാകും എന്നാണ് മുൻകാല കർഷകർ പറയുന്നത്. എന്നാൽ അശാസ്ത്രീയമായ നിർമ്മാണങ്ങൾ തടയിടാൻ ബന്ധപ്പെട്ട അധികാരികൾ ശ്രമിക്കുന്നില്ലെന്ന് പ്രദേശത്തെ പരിസ്ഥിതി പ്രവർത്തകരും പറയുന്നു.
വില്ലനായി കൈയേറ്റം
താമരക്കുളത്തിൽ നിന്നും തുടങ്ങുന്ന കൈത്തോടിലൂടെ ഒഴുകിയെത്തുന്ന വെള്ളമാണ് പ്രദേശത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കൈയേറ്റം കാരണം തോടിന്റെ സ്വാഭാവികമായ വീതി കുറഞ്ഞതാണ് വെള്ളപ്പൊക്കമുണ്ടാകാനുള്ള പ്രധാന കാരണം. പണ്ടുകാലത്ത് തോടിന് 20 അടിയോളം വീതിയുണ്ടായിരുന്നു. ഇന്നത് 4 അടി പോലുമില്ലെന്നാണ് കർഷകർ പറയുന്നത്.
ഒപ്പം മഴവെള്ളവും
മഴക്കാലത്ത് പ്രദേശത്തെ തലക്കുളമായ പനച്ചമൂട്ടുകുളം, കാട്ടുകുളം എന്നിവിടങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം താമരക്കുളത്തിൽ നിറയും. കൂടാതെ ശാസ്താംകുളത്തിൽ നിന്നുള്ള വെള്ളവും കൈത്തോടിൽ വന്നുചേരുന്നുണ്ട്. ഈ തോട് അവസാനിക്കുന്നതാകട്ടെ കൈപ്പുരി ഏലായിലും. മഴക്കാലത്ത് ഈ വെള്ളമെല്ലാം കൂടെയാകുമ്പോൾ മിനിറ്റുകൾക്കുള്ളിൽ പ്രദേശമാകെ വെള്ളക്കെട്ടാകും.
മുടമ്പ് നട പാലത്തിന് ഉയരംവേണം
താമരക്കുളം മുതൽ കൈപ്പുരി വരെയുള്ള 1 കിലോമീറ്റർ ദൂരം തോടിന് കുറുകെ 9 നടപ്പാലങ്ങളും 7 സ്ലാബുകളുമാണുള്ളത്. ഇതിൽ പ്രധാനം മുടമ്പ് നട പാലമാണ്. പഞ്ചായത്ത് നിർമ്മിച്ച ഈ പാലത്തിന് അടിവശം കരിങ്കല്ല് വീണ് മൂടി. പൊക്കം വളരെ കുറവായതിനാൽ ചെറിയ മഴവെള്ളം പോലും പാലത്തെ മൂടും. ഈ പാലം ഉയർത്തി പുനർ നിർമ്മിക്കണമെന്ന കർഷകരുടെ ആവശ്യത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്.