നെയ്യാറ്റിൻകര:നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് തലസ്ഥാന ജില്ലയിൽ മൺസൂൺ ടൂറിസത്തിന് തുടക്കമായി.വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്ക് കെ.എസ്.ആർ.ടി.സി നേരിട്ട് സംഘടിപ്പിച്ചു വരുന്ന ടൂറിസം യാത്രകൾ 'മഴ നനഞ്ഞ് നാട് കാണാം' എന്ന ശീർഷകത്തിലാണ് ഒരുക്കുന്നത്. മൺസൂൺ ടൂറിസം യാത്രാ പദ്ധതി കെ.എസ്.ആർ.ടി.സി ക്ലസ്റ്റർ ഓഫീസർ എസ്.മുഹമ്മദ് ബഷീർ ഫ്ലാഗ് ഒഫ് ചെയ്തു. ചോനാംപാറ കാട്ടിലൂടെ പ്രഭാതനടത്തയ്ക്കുശേഷം കാപ്പുകാട് ആന പരിപാലന സങ്കേതത്തിലേയ്ക്കാണ് യാത്ര.മഴ നനഞ്ഞ് കല്ലാറിൽ കുളിച്ച് നേരെ പൊന്മുടി അപ്പറിലേക്ക്.പൊന്മുടിക്ക് പുറമേ വാഗമൺ, കുമരകം,കുട്ടനാട്,മൂന്നാർ എന്നിവിടങ്ങളിലേയ്ക്കും നെയ്യാറ്റിൻകരയിൽ നിന്ന് മൺസൂൺ യാത്രകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് ടൂറിസം സെൽ കോ-ഓർഡിനേറ്റർ എൻ.കെ.രഞ്ജിത്ത് അറിയിച്ചു. ബുക്കിംഗിനും വിശദ വിവരങ്ങൾക്കും ഫോൺ: 9846067232