k

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കേട്ടുപുര കോളനിയിൽ വീടിന്റെ മേൽക്കൂര അടർന്നുവീണ് മത്സ്യത്തൊഴിലാളിയായ സ്ത്രീക്ക് പരിക്കേറ്റു. കേട്ടുപുരയിൽ ഗിൽബർട്ടിന്റെ ഭാര്യ സ്റ്റെല്ലയ്ക്കാണ് വീടിന്റെ മേൽക്കൂര തകർന്നു വീണ് കൈക്ക് പരിക്കേറ്റത്. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം. കോളനിയിലെ മിക്ക വീടുകളും ജീർണിച്ച് മേൽക്കൂര തകർന്നുവീഴാറായ അവസ്ഥയിലാണ്. ഇതു സംബന്ധിച്ച് മന്ത്രി അടക്കമുള്ളവർക്ക് നിരവധി പരാതികൾ നാട്ടുകാരും ജനപ്രതിനിധികളും നൽകിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം .