
നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി നായകൻ. ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം ബിഗ് ബഡ്‌ജറ്റിലാണ് ഒരുങ്ങുന്നത്. മലയാളത്തിലെ പഴയകാല തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ ഇളയ മകനാണ് ഡിനോ.
മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രങ്ങളായ ആ രാത്രി, കഥ ഇതുവരെ, ക്ഷമിച്ചു ഒരു വാക്ക്, ഈ കൈകളിൽ, ഇനിയും കഥ തുടരും, മലരും കിളിയും തുടങ്ങിയ ചിത്രങ്ങൾക്ക് രചന കലൂർ ഡെന്നീസിന്റേതായിരുന്നു. 1999ൽ പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത എഴുപുന്ന തരകനാണ് മമ്മൂട്ടിക്കു വേണ്ടി കലൂർ ഡെന്നീസ് രചന നിർവഹിച്ച അവസാന ചിത്രം. തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും ജിനു വി. എബ്രഹാമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പൃഥ്വിരാജ്, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ , ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങളും തിയേറ്റർ ഒഫ് ഡ്രീംസ് ആണ് നിർമ്മിക്കുന്നത്. നിമിഷ് രവി ആണ് മമ്മൂട്ടി - ഡിനോ ഡെന്നിസ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രൊജക്ട് ഡിസൈനർ എൻ.എം. ബാദുഷ.പി.ആർ.ഒ: ശബരി