general

ബാലരാമപുരം: ലോക സൈക്കിൾ ദിനത്തിൽ സൈക്കിളിംഗിൽ ഒമ്പത് ലോക റെക്കാഡുകളുമായി മലയാളികളുടെ താരമാവുകയാണ് ഗിന്നസ് കുമാർ. ബാക്ക് വാർഡ് ബ്രെയിൻ,​ പെന്നി ഫാർത്തിംഗ് സൈക്കിളിംഗുകളിലാണ് വിവിധ രീതിയിൽ ഗിന്നസ് കുമാർ തന്റെ പേരിൽ റെക്കാഡുകൾ സ്ഥാപിച്ചത്. ബാക്ക്‌വാർഡ് ബ്രെയിൻ സൈക്കിളിൽ കാൽ നിലം തൊടാതെ 7.98 കി.മീ താണ്ടിയാണ് റെക്കാഡിട്ടത്. ഹാൻഡിൽ തിരിക്കുന്നതിന് വിപരീതമായി ചക്രം തിരിയുമെന്നതാണ് ഈ സൈക്കിളിന്റെ പ്രത്യേകത. പെന്നി ഫാർത്തിംഗ് സൈക്കിളിൽ പൊൻമുടിയിൽ നിന്ന് കല്ലാറുവരെ 12.8 കി.മീ താണ്ടിയാണ് മറ്റൊരു റെക്കാഡിട്ടത്. ഈ സൈക്കിളിന്റെ മുൻ ചക്രങ്ങൾ പിൻചക്രങ്ങളെക്കാൾ വലുതായിരിക്കും. ഈ സൈക്കിളിലിരുന്ന് കാൽ നിലത്തുതൊടാൻ സാധിക്കില്ല. ബാക്ക്‌വാർഡ് ബ്രെയിൻ, പെന്നി ഫാർത്തിംഗ് സൈക്കിളുകൾ കണ്ണുകെട്ടി ഓടിച്ച റെക്കാഡും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. വെലോഡ്രോം ബാക്ക്‌വാർഡ് ബ്രെയിൻ സൈക്കിളിംഗിൽ ഒരു മണിക്കൂറിൽ 8 കി.മീ പിന്നാക്കം സഞ്ചരിച്ചതാണ് ഇദ്ദേഹത്തിന്റെ പേരിലുള്ള മറ്റൊരു റെക്കാഡ്. വിവിധയിനത്തിൽ ആകെ 12 റെക്കാഡുകളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്. കൊല്ലം കിംസ് ആശുപത്രിയിൽ അഡ്മിനിസ്ട്രേറ്ററായി ജോലിനോക്കുന്ന ഇദ്ദേഹം രണ്ടരവർഷം കൊണ്ടാണ് റെക്കാഡുകൾ കരസ്ഥമാക്കിയത്. കൈകൾ നേരായ ദിശയിലും വിപരീത ദിശയിലും കറക്കുന്ന ആദ്യയുവതിയെന്ന റെക്കാഡ് കുമാറിന്റെ ഭാര്യ വിജയലക്ഷ്മി നേടിയിരുന്നു. മൂത്ത മകൾ കാർത്തികയും ഇതേ ഇനത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടികളുടെ പട്ടികയിൽ റെക്കാഡിട്ടു. നാലാം വയസിൽ കഥകളി അവതരിപ്പിച്ച് ഇളയമകൾ ദേവികയും റെക്കാഡ് നേടിയിട്ടുണ്ട്.