kadukayariyapark

വക്കം: അധികൃതരുടെ അവഗണനയിൽ ബേബി ക്രഷ് പാർക്ക് കാട് കയറി നശിക്കുന്നു. നിലയ്ക്കാമുക്ക് ഗവൺമെന്റ് യു.പി സ്കൂളിൽ ഏഴ് വർഷം മുൻപ് ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച പാർക്കാണ് കാടു കയറി കളി സാധനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നത്. ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ചാണ് ഒരു ഡസനിലധികം കളിക്കോപ്പുകളും, കോൺക്രീറ്റ് ബഞ്ചുകളും, ചുറ്റുമതിലും നിർമ്മിച്ചത്.

ഏഴ് വർഷം മുമ്പ് നിർമ്മിച്ച പാർക്ക് ഇതുവരെ ഉദ്ഘാടനം നടത്താൻ പോലും ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. വർഷങ്ങൾ പിന്നീടുമ്പോഴും ഇതിന്റെ നവീകരണ പ്രവർത്തനങ്ങളോ, അറ്റകുറ്റപണികളോ ഒന്നും തന്നെ നടത്തിയിട്ടില്ല. നിരവധി തവണ സ്കൂൾ അധികൃതർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അധികൃതരെ പാർക്കിന്റെ കാര്യം ശ്രദ്ധയിൽപെടുത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പാർക്കിലെ തുരുമ്പെടുത്ത കളിക്കോപ്പുകൾ കുട്ടികൾക്ക് അപകടം ഉണ്ടാക്കുമെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ ദിവസം പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂൾ വൃത്തിയാക്കിയെങ്കിലും മുൻ വശത്തുള്ള ഈ ഭാഗം വൃത്തിയാക്കാതെ വിട്ടതെന്താണെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഇഴജന്തുക്കളുടെ ശല്യവും ഇവിടെ രൂക്ഷമാണ്.