photo

പാലോട്: സ്കൂളിലേക്ക് പോകും വഴി വിദ്യാർത്ഥികളെ കാട്ടുപന്നി ആക്രമിച്ചു. പെരിങ്ങമ്മല സർക്കാർ യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി സജിൻ, മൂന്നാം ക്ലാസ് വിദ്യാർത്ഥി സന എന്നിവർക്കാണ് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റത്. പെരിങ്ങമ്മല സ്കൂൾ ജംഗ്ഷനിൽ നിന്ന് പനങ്ങോട് ഭാഗത്തേക്ക് തിരിയുന്ന റോഡിൽ വച്ച് ഇന്നലെ രാവിലെ 9.30 ഓടെയാണ് പന്നി ആക്രമിച്ചത്. പനങ്ങോട് കൊച്ചു വേങ്കോട് തടത്തരികത്ത് വീട്ടിൽ ബൈജു ഷൈനി ദമ്പതികളുടെ മക്കളാണ് ഇരുവരും.

ഇടിയുടെ ആഘാതത്തിൽ സന സമീപത്തുള്ള ചെറിയ കുഴിയിൽ വീണതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല. സനയെ കുറച്ചു മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്ത് വച്ച് പന്നി ആക്രമിച്ചിരുന്നു. പകൽ സമയങ്ങളിൽ പോലും പന്നി ശല്യം ഈ പ്രദേശങ്ങളിൽ രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി. പന്നി ശല്യം നിയന്ത്രിക്കാൻ അധികാരികളുടെ ഭാഗത്തു നിന്ന് അടിയന്തരമായി നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.